സിദ്ദുവിനെ അധ്യക്ഷനാക്കിയതില്‍ പാര്‍ട്ടി ഖേദിക്കേണ്ടി വരും: അമരീന്ദര്‍ സിംഗ്
അമൃത്‌സര്‍: പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജോത് സിംഗ് സിദ്ദുവിനെ നിയമിച്ചതില്‍ പാര്‍ട്ടി ഖേദിക്കേണ്ടി വരുമെന്ന് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ആര്‍മി ചീഫ് ഗെന്‍ ബജ്‌വയെയും കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ പരസ്യമായി ആലിംഗനം ചെയ്തയാളാണ് സിദ്ദുവെന്ന് ക്യാപ്റ്റന്‍ പറഞ്ഞു.
സോണിയക്ക് അയച്ച രാജി കത്തിലാണ് അദ്ദേഹം സിദ്ദുവിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെയും പഞ്ചാബിലെ ഭൂരിഭാഗം എംപിമാരുടെയും നിര്‍ദേശം മാനിക്കാതെയാണ് പാക് അനുയായിയായ സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതെന്നും അമരീന്ദര്‍ ചൂണ്ടിക്കാട്ടി. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഔദ്യോഗികമായി തന്റെ രാജി കത്ത് നല്‍കിയത്.
പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന തന്റെ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം ഇന്നലെ നടത്തി. തന്റെ പാര്‍ട്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും അമരീന്ദര്‍ പറഞ്ഞു. അടുത്ത വര്‍ഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ദുവുമായി ഉണ്ടായിരുന്ന അധികാര വടംവലിക്കൊടുവിലാണ് മുഖ്യമന്ത്രി സ്ഥാനം ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചത്.