ഇത് കോവിഡിന്റെ രുദ്രതാണ്ഡവം, ഞെട്ടിത്തരിച്ച് ഭയപ്പാടിൽ ലോകജനത.

കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്തൊന്നാകെ ഭീതി ജനകമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ലോക ജനത ഒന്നാകെ ഭയപ്പാടിലാണ്. ലോകത്തെ ഒന്നടങ്കം സ്തംഭിപ്പിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മുൻ വൈറസിനേക്കാൾ വളരെ വേഗം പടർന്നു പിടിക്കുന്നതിനാലാണ് പുതിയ വകഭേദം ആശങ്ക വർധിപ്പിച്ചിരിക്കുന്നത്. പുതിയ വൈറസ് പഴയ വൈറസിനെക്കാൾ വേഗം വ്യാപിക്കുന്നു എന്നതും, ജനിതകമാറ്റം വന്ന വൈറസുകൾക്ക് കോശങ്ങളെ ബാധിക്കാനുള്ള ശേഷി കൂടുതൽ ഉള്ളതായി ലാബിൽ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തിയതുമാണ് കൂടുതൽ ഭീതി പരത്തിയിരിക്കുന്നത്. കൊറോണ ബാധിച്ച ആളിൽ തന്നെയാകാം വൈറസിനു ജനിതകമാറ്റം സംഭവിച്ചതെന്നാണ് വിദഗ്ധരുടെ നിഗമനം. പ്രതിരോധ ശേഷി കുറവുള്ള ആളിൽ നിന്നായിരിക്കാം ഇത് ഉണ്ടായതെന്നും വിദഗ്ധർ കരുതുന്നു. പുതിയ വൈറസ് എത്രത്തോളം മാരകമാണെന്നതിൽ വ്യക്തമായ ധാരണയില്ല. എന്നാൽ വ്യാപനം പെട്ടെന്നു നടക്കുന്നതിനാൽ ആശുപത്രികളിൽ രോഗികൾ തിങ്ങിനിറയാനിടയുണ്ട്. കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതോടെ എല്ലാവർക്കും ചികിത്സ നൽകുക എന്നത് വെല്ലുവിളിയാകും എന്നതാണ് ലോക രാജ്യങ്ങളെ ഇന്ന് ഭയപ്പാടിൽ ആക്കുന്നത്.

ഇംഗ്ലണ്ടിലടക്കം ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇംഗ്ലണ്ടിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തി. വൈറസിന് വകഭേദങ്ങൾ ഉണ്ടാവുക സ്വാഭാവികമാണെങ്കിലും പുതിയ വൈറസിനെക്കുറിച്ച് നിരവധി ആശങ്കകളും അഭ്യൂഹങ്ങളുമാണ് ശാസ്ത്ര ലോകത്തിനടക്കം ഉള്ളത്. രോഗ വ്യാപനം കാണപ്പെട്ട എല്ലാ പ്രദേശങ്ങളിലും കർശനമായ നിയന്ത്രണങ്ങൾ യുകെ ഏർപ്പെടുത്തിയിരിക്കുകയാണ്. ലോകരാജ്യങ്ങൾ ഒന്നൊന്നായി യു കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നു. കൊവിഡിന്റെ പുതിയ വകഭേദം നിയന്ത്രണാതീതമാണെന്ന് ബ്രിട്ടൻ വെളിപ്പെടുത്തിയതോടെയാണ് യൂറോപ്യൻ രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും കടുത്ത യാത്രാ നിരോധനം കൊണ്ടുവന്നിരിക്കുന്നത്. യുകെയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ഈ മാസം 31 വരെ ഇന്ത്യയും വിലക്കി. മറ്റു രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുന്ന പക്ഷം അവിടെ നിന്നുള്ള വിമാന സർവീസുകളും നിരോധിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിട്ടുള്ളത്.
പരിവർത്തനം സംഭവിച്ച വൈറസ് ലണ്ടനിലും തെക്കു കിഴക്കൻ ഇംഗ്ലണ്ടിലും അതിവേഗം പടരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ മേഖലകളിൽ ലോക്ഡൗൺ അടക്കം നാലുതലത്തിലുള്ള പുതിയ നിയന്ത്രണങ്ങൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒന്നര കോടി ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സര വേളയിലേക്ക് പ്രഖ്യാപിച്ചിരുന്ന ഇളവുകൾ എല്ലാം പിൻവലിച്ചിരിക്കുകയാണ്. ക്രിസ്മസ് കാലത്ത് ലോക് ഡൗൺ വീണ്ടും ഏർപ്പെടുത്തിയതിനെതിരേ വിമർശനം ഉണ്ടാവുന്നുണ്ടെങ്കിലും, മറ്റു വഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് ആദ്യ രൂപത്തിൽ നിന്ന് ഏറെ മാറ്റങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജനിതക ഘടനയിൽ 17 മാറ്റങ്ങളാണ് ഇക്കാര്യത്തിൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സെപ്റ്റംബർ അവസാനം ദക്ഷിണ ഇംഗ്ലണ്ടിലാണ് ആദ്യമായി പുതിയ രൂപ ഭാവമുള്ള വൈറസിനെ ആദ്യം തിരിച്ചറിഞ്ഞത്. ലണ്ടനിലെ പുതിയ കേസുകളിൽ അറുപതു ശതമാനത്തിലേറെയും ഈ വകഭേദം പരത്തുന്നതാണ് എന്ന വസ്തുതയാണ് ലോകത്തെ ഒന്നടങ്കം നടുക്കുന്നത്.
കൊറോണ വൈറസിനു ജനിതകമാറ്റം സംഭവിച്ചുണ്ടായതും മുൻവൈറസിനേക്കാൾ 70% അധികം വ്യാപനശേഷിയുള്ളതുമായ പുതിയ വകഭേദമാണ് ലണ്ടനിൽ അതിവേഗം പടരുന്നത്. എന്നാൽ പുതിയ വൈറസ് പഴതിനെക്കാൾ മാരകമാണെന്ന് ഇതുവരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിലാണ് ഇതിന്റെ സാന്നിധ്യം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും വൈറസിനു ജനിതകമാറ്റം സംഭവിച്ചത് ഇംഗ്ലണ്ടിലാണോ എന്ന കാര്യത്തിലും ഉറപ്പൊന്നും ഉണ്ടായിട്ടില്ല. ലണ്ടനിൽ വൈറസിനെ തിരിച്ചറിയാനായത് ഏറെ ഗുണകരമായെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ട് വളരെപ്പെട്ടെന്നു മുൻകരുതലുകൾ എടുക്കാൻ കഴിഞ്ഞെന്നും അതിനെ ചെറുക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
പഴയ വൈറസിനേക്കാൾ വളരെ വേഗത്തിലാണ് പുതിയ വൈറസ് വകഭേദത്തിന്റെ വ്യാപനമെന്ന് ലണ്ടൻ ഇംപീരിയൽ കോളജിലെ ഡോ. എറിക് വോൾസ് പറയുന്നുണ്ടെങ്കിലും, എന്തുകൊണ്ടാണ് വൈറസ് ഇത്രയും വേഗം പടർന്നുപിടിക്കുന്നതെന്ന് ആധുനിക വൈദ്യ ശാസ്ത്രത്തിനു ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ലണ്ടനിലുണ്ടായിരുന്ന രോഗിയിൽത്തന്നെയാണോ വൈറസിനു ജനിതകമാറ്റമുണ്ടായതെന്ന കാര്യത്തിൽ പോലും ഉറപ്പൊന്നും ഇല്ല. രാജ്യത്തിനു പുറത്തുനിന്നു വന്നതാകാനുള്ള സാധ്യത വിദഗ്ധർക്ക് തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയാണുള്ളത്. പുതിയ ഇനം വൈറസ് ബാധിച്ചവരിൽ കൂടുതലും ലണ്ടനിലാണ്. വടക്കൻ അയർലൻഡിൽ ഈ വൈറസ് ബാധിച്ച രോഗികളില്ല. ഓസ്ട്രേലിയയിലും ഡെൻമാർക്കിലും കണ്ടെത്തിയ പുതിയ വകഭേദം യുകെയിൽനിന്നു വന്നതാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. സമാനമായ വകഭേദം ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയെങ്കിലും യുകെയിൽ കണ്ടെത്തിയ വൈറസുമായി അതിനു ബന്ധമില്ലെന്നു കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. പുതിയ വൈറസ് അപകടകാരിയാകുമെന്നു കണ്ട് ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, ബെൽജിയം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളാണ് യു കെയിലേക്കുള്ള വിമാന സർവീസുകൾ ആദ്യം നിർത്തലാക്കുന്നത്. തുടർന്ന് അറബ് രാജ്യങ്ങളും, ഇന്ത്യയും അടക്കമുള്ള രാജ്യങ്ങൾ സർവീസുകൾ നിർത്തി. യുകെയിൽ നിന്ന് റോഡ്, റെയിൽ, കടൽ, ആകാശ മാർഗങ്ങൾ വഴിയുള്ള യാത്രയും ചരക്ക് നീക്കവും ഫ്രാൻസ് വിലക്കിയതോടെ ബ്രിട്ടനിലെ ഡോവർ തുറമുഖം അടച്ചിരിക്കുകയാണ്. യൂറോപ്യൻ യൂണിയനുമായുള്ള കരാർ അവസാനിക്കുന്നതിനു മുൻപായി ഈ മാസം ആവശ്യത്തിനു സാധനങ്ങൾ സംഭരിക്കാനുള്ള ശ്രമത്തിലേർപ്പെട്ടിരുന്ന ബ്രിട്ടീഷ് കമ്പനികൾക്കും പുതിയ നിയന്ത്രണം കനത്ത തിരിച്ചടിയായി. അതേസമയം, വകഭേദം വന്ന വൈറസിനും വാക്സീൻ ഫലിക്കുമെന്നു തന്നെയാണ് ആരോഗ്യ വിദഗ്ധർ കരുതുന്നത്. നിലവിലുള്ള മൂന്നു പ്രധാന വാക്സീനുകൾക്കും പുതിയ വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്നാണ് വിലയിരുത്തുന്നത്. വൈറസിന്റെ വിവിധ ഭാഗങ്ങളെ തകർക്കാൻ കഴിവുള്ളതാണ് കണ്ടുപിടിക്കപ്പെട്ടിരിക്കുന്ന വാക്‌സിനുകൾ എന്നതാണ് ചെറിയൊരാശ്വാസത്തിന് വക നൽകുന്നത്. എന്നാൽ വകഭേദം സംഭവിച്ച വൈറസിന് വീണ്ടും ജനിതകമാറ്റമുണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നാണ് ശാസ്ത്ര ലോകം പോലും ഭയപ്പെടുന്നത്.