ലൈഫ് മിഷൻ കേസിൽ സി ബി ഐ നൽകിയ ഹർജി 17ലേക്ക് മാറ്റി.

കൊച്ചി / വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സി ബി ഐ അന്വേഷണത്തിനുളള ഹൈക്കോടതിയുടെ സ്റ്റേ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സി ബി ഐ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ഈ മാസം 17ലേക്ക് മാറ്റി. അത് കൊണ്ട് തന്നെ സ്റ്റേ ഈ മാസം 17 വരെ തുടരും. അന്വേഷണത്തിനുളള സ്റ്റേ ഹർജിയിൽ ഇന്ന് വാദം കേൾക്കണമെന്ന സി ബി ഐയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
കേസിന്റെ വിശദാംശങ്ങൾ പഠിക്കാൻ കൂടുതൽ സാവകാശം വേണമെന്ന സർക്കാർ അഭിഭാഷകന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി കേസ് 17 ലേക്ക് മാറ്റിയത്. ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവ് മൂലം അന്വേഷണം പൂർണമായും തടസപ്പെട്ട അവസ്ഥയിലാണെന്ന് സി ബി ഐ കോടതിയെ അറിയിക്കുകയുണ്ടായി.ഫ്ലാറ്റ് നിർമ്മാണത്തിനായി വിദേശ ഏജൻസിയിൽ നിന്ന് ലഭിച്ച പണത്തിൽ ഒരു ഭാഗം കൈക്കൂലിയായും വിലയേറിയ സമ്മാനവുമായി നൽകിയിട്ടുണ്ടെന്ന് കരാർ കമ്പനിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നല്കിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വസ്തുതകൾ, ഉദ്യോഗസ്ഥ ഗൂഢാലോചന എന്നിവ കണ്ടെത്തേണ്ടതുണ്ടെന്നും, സി ബി ഐ ഹർജിയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബർ 13നായിരുന്നു ലൈഫ് മിഷന് എതിരായ അന്വേഷണം കോടതി സ്റ്റേ ചെയ്യുന്നത്.