വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിയാല്‍ ഉണര്‍ത്താന്‍ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്
കാക്കനാട്: വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോകുന്ന ഡ്രൈവര്‍മാരെ ഉണര്‍ത്താന്‍ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്. യാത്രക്കിടെ വാഹന ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നത് മൂലം നിരവധി അപകടങ്ങള്‍ക്കാണ് വഴി ഒരുക്കുന്നത്. ഇതിന് പരിഹാരമായേക്കാവുന്ന നൂതന ആശയവുമായി മോട്ടോര്‍ വാഹന വകുപ്പിലെ ഒരു കൂട്ടം ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഡ്രൈവര്‍ ഉറക്കം തൂങ്ങിയാല്‍ മുന്നറിയിപ്പ് നല്‍കുകയും നിയന്ത്രണം നഷ്ടപ്പെട്ടാല്‍ തനിയെ വാഹനത്തിന്റെ വേഗം കുറയുകയും ചെയ്യുന്ന സംവിധാനമാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ പാര്‍ട്ട് ടൈം ബി.ടെക്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ കൂടിയായ ഒരുപറ്റം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍.
ഡ്രൈവര്‍മാരുടെ മുഖത്തിന്റെ ഭാവങ്ങള്‍ വിശകലനം ചെയ്ത് ഡ്രൈവര്‍ ഉറക്കത്തിലേക്ക് വീഴുകയാണോ എന്ന് മുന്‍കൂട്ടി മനസ്സിലാക്കാനും ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും കേള്‍ക്കാനും കാണാനും സാധിക്കുന്ന ചുവന്ന വെളിച്ചമുള്ള അലാറം സംവിധാനമാണുള്ളത്. ഡ്രൈവര്‍ ഉറങ്ങിയാല്‍ അലാറം മുഴക്കി വാഹനം സ്വയം വേഗം കുറയ്ക്കും. കാബിനില്‍ ഘടിപ്പിക്കുന്ന നൈറ്റ് വിഷന്‍ ക്യാമറ ഡ്രൈവറെ നിരീക്ഷിക്കും. കൃഷ്ണമണിയുടെ ചലനങ്ങള്‍, മുഖഭാവങ്ങള്‍ എന്നിവയില്‍ നിന്ന് ഡ്രൈവര്‍ ഉറങ്ങുന്നുവെന്നു മനസ്സിലാക്കാന്‍ ക്യാമറയുമായി ബന്ധിപ്പിച്ചിട്ടുള്ള കണ്‍ട്രോള്‍ യൂണിറ്റിനു കഴിയും.
എന്നാല്‍, അലാറം മുന്നറിയിപ്പിന് ശേഷവും ഉറങ്ങി പോകുകയാണെങ്കില്‍, റോഡിലെ മറ്റു വാഹനങ്ങള്‍ക്ക് മുന്നിലുള്ള വാഹനം ഒരു അപകടാവസ്ഥയിലേക്ക് പോകുകയാണെന്ന് മനസ്സിലാക്കുന്നതിനുള്ള ഹസാഡ് വാണിങ് ലൈറ്റുകള്‍ തെളിയുകയും. ‘എമര്‍ജന്‍സി ബ്രേക്കിങ്’ സംവിധാനം വഴി ആക്‌സിലേറ്ററിന്റെ പ്രവര്‍ത്തനം നിലക്കുകയും ചെയ്യും. കൂടാതെ എന്‍ജിന്‍ എക്‌സോസ്റ്റ് ബ്രേക്ക് പ്രവര്‍ത്തന സജ്ജമാവുകയും വാഹനത്തിന്റെ വേഗം ക്രമാനുഗതമായി കുറയ്ക്കുകയും ചെയ്യും. ആഡംബര വാഹനങ്ങളില്‍ മാത്രം കാണാറുള്ള ഈ സംവിധാനം കുറഞ്ഞ ചെലവില്‍ മറ്റു വാഹനങ്ങളിലും ഘടിപ്പിക്കാന്‍ വഴിയൊരുക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. പ്രവര്‍ത്തനക്ഷമത വിലയിരുത്തിയ ഗതാഗതമന്ത്രി ആന്റണി രാജുവും ഉന്നത ഉദ്യോഗസ്ഥരും ഇത് ജനകീയമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നിലവില്‍ മാരുതി 800 കാറില്‍ ഈ സംവിധാനം വിജയകരമായി പരീക്ഷിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സി.ഡി അരുണ്‍, എ. നൗഫല്‍, എന്‍.കെ. ദീപു, പി.വി. വിജേഷ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വി.വി. വിനീത്, എസ്. രഞ്ജിത് എന്നിവരാണ് കോഴ്സിന്റെ ഭാഗമായ പ്രോജക്ടായി ഈ സംവിധാനം വികസിപ്പിച്ചത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി അസി.പ്രഫസര്‍ ഡോ. എസ് ജയേഷിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് സദ്‌സേവന പുരസ്‌കാരം നല്‍കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 25,000 രൂപ ചെലവിലാണ് നിലവിലെ സംവിധാനം ഒരുക്കിയത്. വാണിജ്യാടിസ്ഥാനത്തിലെ നിര്‍മാണത്തിന് ഇത്രയും ചെലവ് വേണ്ടി വരില്ല. പേറ്റന്റ് നേടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.