വിമാനാപകടം അശ്രദ്ധമായ പ്രവൃത്തി മൂലമാണെന്ന് പൊലീസിന്റെ എഫ് ഐ ആർ.

കരിപ്പൂരിൽ നടന്ന വിമാനാപകടം ലാൻഡിങ് സമയത്തെ അശ്രദ്ധമായ പ്രവൃത്തി മൂലമാണെന്ന് പൊലീസിന്റെ എഫ് ഐ ആർ. അപകട സ്ഥലത്ത് എയർപോർട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്എഫ് എഎസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയാറാക്കിയിട്ടുള്ളത്. വിമാനാപകടം സംബന്ധിച്ച് കരിപ്പൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആർ മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് പോലീസ് സമർപ്പിക്കുകയായിരുന്നു. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐപിസി, എയർക്രാഫ്റ്റ് ആക്ട് വകുപ്പുകൾ പ്രകാരമാണ് അപകടത്തിൽ കേസെടുത്തിട്ടുള്ളത്. വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം നടന്നു വരുകയാണ്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുമെന്നാണ് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം പറഞ്ഞിട്ടുള്ളത്. അപകടകാരണവും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്നതിനെ കുറിച്ചുമായിരിക്കും, പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുക. അഡീഷനൽ എസ്പി ജി. സാബു പ്രത്യേക അന്വേഷണ സംഘത്തിണ് മേൽനോട്ടം വഹിക്കും. മലപ്പുറം ഡിവൈഎസ്പി കെ. ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. എഎസ്പി എ. ഹേമലത, സിഐമാരായ പി. ഷിബു, കെ.എം. ബിജു, അനീഷ് പി. ചാക്കോ, എസ്ഐമാരായ കെ. നൗഫൽ, വിനോദ് വല്യത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. അപകടത്തിൽപെട്ടവർക്ക് ഇൻഷുറൻസ് ലഭിക്കുന്നതിന് പൊലീസ് അന്വേഷണ റിപ്പോർട്ട് നിർണ്ണായകമാണ്.