പുല്‍വാമയിലെ ഭീകരാക്രമണം: വെടിയേറ്റ് മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മകളും ചികിത്സയിലിരിക്കെ മരിച്ചു
ശ്രീനഗര്‍: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ത്രാലില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസറെയും(എസ്പിഒ) ഭാര്യയെയും ഭീകരന്‍ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ് ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരുടെ മകളും മരിച്ചതായാണ് റിപ്പോര്‍ട്ട്.
പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. എസ്പിഒ ഫയാസ് അഹമ്മദിനാണ് വെടിയേറ്റത്. ഇതിന് പിന്നാലെ ഫയാസ് അഹമ്മദിന്റെ ഭാര്യയെയും മകളെയും ഭീകരന്‍ വെടിവെച്ചു വീഴ്ത്തി. മൂന്ന് പേരെയും ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
ആക്രമണം നടത്തിയ ഭീകരനെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ആക്രമണമുണ്ടായ മേഖല പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഭീകരനെ കണ്ടെത്താനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഭീകരാക്രമണത്തെ ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ അപലപിച്ചു.