അയ്യപ്പ സംഗമത്തിന് നാളെ തുടക്കം ; ഒരുക്കങ്ങൾ പൂർത്തിയായി
വിവിഐപികൾ അടക്കം മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി

പത്തനംതിട്ട: പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി . നാളെ രാവിലെ ഒമ്പതരയോടെ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പരിപാടിയിൽ സ്വാഗതം പറയും. 3,500 പ്രതിനിധികൾക്കുള്ള ഇരിപ്പിടമാണ് പ്രധാന വേദിയിൽ ഒരുക്കിയിട്ടുള്ള്. പാനൽ ചർച്ചകൾക്കും, ഭക്ഷണശാലയ്ക്കും പന്തലുകൾ ഒരുക്കിയിട്ടുണ്ട്. 300ടൺ ശേഷിയുള്ള ശീതീകരണ സംവിധാനമാണ് ഓരോ പന്തലിലും ഒരുക്കിയിട്ടുള്ളത്. വേദിയോട് ചേർന്ന് ദേവസ്വം ബോർഡ് ശബരിമല ഐതീഹ്യവും ചരിത്രവും പറയുന്ന സ്റ്റാളും ഒരുക്കിയിട്ടുണ്ട്.
മൂന്ന് സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിക്കുക. വിവിഐപികൾ അടക്കം മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ ശബരിമല മാസ്റ്റർപ്ലാൻ, ശബരിമലയിലെ തിരക്ക് നിയന്ത്രണം, തീർത്ഥാടന ടൂറിസം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ചർച്ചാ വിഷയമാകും. സംസ്ഥാനത്തെ വിവിധ മന്ത്രിമാർ സംഗമത്തിൽ പങ്കെടുക്കും. തമിഴ്നാട്ടിൽനിന്ന് പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നീ രണ്ട് മന്ത്രിമാരാണ് പങ്കെടുക്കുക. സംഗമത്തിന് എത്തുന്നവർക്കുള്ള താമസ സൗകര്യത്തിനുള്ള സജ്ജീകരണങ്ങളും തയ്യാറാണ്.
ശബരിമലയുടെ വികസനമാണ് ലക്ഷ്യം. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന അയ്യപ്പക്ഷേത്രം ഇന്നത്തെ ഇന്ത്യയിൽ അനിവാര്യമായ ഒന്നാണ്. എല്ലാമതസ്ഥർക്കും ആത്മീയമായി പോയി പ്രാർത്ഥിക്കാനാകുന്ന ഇടമാണ് അയ്യപ്പക്ഷേത്രം. എല്ലാ മതങ്ങളുടേയും സൗഹാർദ്ദം സൂക്ഷിക്കുന്ന എല്ലാവരേയും ഒന്നിച്ചുനിർത്തുന്ന ഇത്തരം സംഗമങ്ങൾക്ക് നമ്മൾ പ്രാധാന്യം നൽകണം. അത്തരം പരിപാടികൾക്ക് എല്ലാവരും സഹായസഹകരണം ചെയ്യേണ്ടതുണ്ടെന്നും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് വ്യവസായി ഗോകുലം ഗോപാലൻ പറഞ്ഞു