വില എത്ര കൂട്ടിയാലും കുടിയന്മാർ കാശു കൊടുത്ത് വാങ്ങി കുടിച്ചോളും..,കുടിയന്മാരുടെ കഴുത്തറുക്കുമാറ് മദ്യവില വീണ്ടും കൂട്ടാനൊരുങ്ങുന്നു.

തിരുവനന്തപുരം / കൊവിഡ് കാലത്തെ വരുമാന നഷ്‌ടം നികത്താനെന്ന പേരിൽ മദ്യത്തിന്റെ എക്സൈസ് നികുതി 35 ശതമാനം ഉയർത്തിയതിനു പിറകെ കുടിയന്മാരുടെ കഴുത്തറുക്കുമാറ് സംസ്ഥാനത്ത് മദ്യവില വീണ്ടും കൂട്ടാനൊരുങ്ങുന്നു. വില എത്ര കൂട്ടിയാലും കുടിയന്മാർ കാശു കൊടുത്ത് വാങ്ങി കുടിച്ചോളും എന്ന നിലപാടാണ് ഇക്കാര്യത്തിൽ സർക്കാരിന് ഉള്ളതെന്നാണ് കരുതേണ്ടത്. കൊവിഡ് കാല നഷ്‌ടത്തിന്റെ പേരിൽ മദ്യത്തിന്റെ എക്സൈസ് നികുതി 35 ശതമാനം ഉയർത്തിയത് പാടെ വിഴുങ്ങി കൊണ്ടാണ് നിർമ്മാതാക്കളിൽ നിന്നും വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയിൽ ഏഴ് ശതമാനം വർദ്ധനയുണ്ടാകുന്ന കാരണം പറഞ്ഞു വീണ്ടും മദ്യത്തിന് രാജ്യത്തെങ്ങും ഇല്ലാത്തവിധം വർധിപ്പിക്കാനൊരുങ്ങുന്നത്.
അസംസ്‌കൃത വസ്തുക്കൾക്ക് വില കൂടിയതിനാൽ മദ്യവില 20 ശതമാനം മുതൽ 30 ശതമാനം വരെ കൂട്ടണമെന്നാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. എന്നാൽ വില ഏഴു ശതമാനം വർധിപ്പിക്കാനാണ് ബെവ്‌കോയുടെ തീരുമാനം. വില വർധിപ്പിക്കാൻ ബെവ്‌കോ സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. മദ്യത്തിന് വില വർധിപ്പിക്കാനുള്ള ബെവ്കോയുടെ തീരുമാനം സർക്കാർ ഉടൻ അംഗീകരിക്കുമെന്നാണ് വിവരം. വില വർധനയും, ആനുപാതികമായി നികുതിയും അടക്കം മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. സ്‌പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോൾ ഉറപ്പിച്ച ടെൻഡറനുസരിച്ചാണ് ഇപ്പോഴും ബെവ്കോക്ക് കമ്പനികൾ മദ്യം നൽകുന്നത്. നികുതിയുടെ പേരിലും അല്ലാതെയുമൊക്കെ മദ്യത്തിന് പലതവണ വിലവർധിച്ചപ്പോഴൊക്കെ സർക്കാർ മദ്യം തരുന്ന കമ്പനികളുടെ കാര്യം ബോധപൂർവം മരിക്കുകയായിരുന്നു. സ്‌പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളിൽ നിന്നും വാങ്ങുന്ന മദ്യത്തിന് വിലകൂട്ടിയില്ല. അതേസമയം, കൊവിഡ് കാലത്തെ വരുമാന നഷ്‌ടം കണക്കിലെടുത്ത് മദ്യത്തിന്റെ എക്സൈസ് നികുതി 35 ശതമാനം ഉയർത്തുകയും ചെയ്തു. കോവിഡ് കാലം കഴിഞ്ഞിട്ടും വർധിപ്പിച്ച എക്സൈസ് നികുതി 35 ശതമാനം കുറക്കാനും തയ്യാറല്ല.