ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍; എതിര്‍പ്പുമായി മുസ്ലീംസംഘടനകള്‍
കോഴിക്കോട്: കഴിഞ്ഞ ദിവസത്തെ പിണറായി സര്‍ക്കാറിന്റെ മന്ത്രിസഭ യോഗത്തില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ക്രമീകരിച്ചതില്‍ എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ കാന്തപുരവും സമസ്തയും സംവരണ സമിതിയുമാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്.
മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെ അട്ടിമറിക്കുന്നതാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നാണ് മുസ്ലിം സംഘടനകള്‍ പറയുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ മുന്നാക്കക്കാര്‍ക്ക് അനധികൃതമായി നല്‍കുന്നത് ഭരണഘടനാ ലംഘനമാണ്. തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലുമൊന്നും ജനസംഖ്യ നോക്കുന്നില്ല.
പിന്നെന്തുകൊണ്ടാണ് സച്ചാര്‍ സമിതി ആനുകൂല്യങ്ങളില്‍ മാത്രം ജനസംഖ്യ അടിസ്ഥാനമാക്കുന്നത് നീതികേടാണെന്ന് സമസ്ത സംവരണ സമിതി ആരോപിച്ചു. അതിനാല്‍ തന്നെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭാവിനീക്കങ്ങള്‍ ആലോചിക്കാന്‍ സമസ്ത സംവരണ സമിതി ഇന്ന് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്
സര്‍ക്കാരിന്റെ ഈ തീരുമാനം മുസ്ലിംകളെ പിന്നോക്കാവസ്ഥയിലേക്ക് തള്ളുമെന്നും അതിനാല്‍ ഈ വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെ ആലോചിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ വ്യക്തമാക്കി. ഇല്ലെങ്കില്‍ തീരുമാനത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് മുസ്ലീം സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.