പ്രധാനമന്ത്രി ഇന്ന് യുഎന്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും.

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സഭാ ജനറല്‍ അസ്സംബ്ലിയെ അഭിസംബോധന ചെയ്യും.
പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ യു.എന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയിരുന്നു. കശ്മീര്‍ വിഷയത്തിലെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. ഈ സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയുന്നത്.
ശനിയാഴ്ച ഉച്ചക്ക് നടക്കുന്ന പൊതു ചര്‍ച്ചയില്‍ പ്രധാനമന്ത്രിയാണ് ആദ്യം സംസാരിക്കുക. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പദ്ധതികളാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട. വെര്‍ച്ച്‌വലായി ചേരുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ നേരത്തെ തയ്യാറാക്കിയ പ്രസംഗം പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുക. തീവ്രവാദത്തിനെതിരായ ആഗോള നടപടികള്‍ ഊര്‍ജിതമാക്കേണ്ടത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഊന്നിപ്പറയുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തില്‍ കൊവിഡ് മരുന്ന് ലഭ്യമാക്കുന്നതിന് ഇന്ത്യ നടത്തിയ ശ്രമങ്ങളും പ്രസംഗത്തില്‍ എടത്തുപറയും. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരവികസനം, യുഎന്നിന്റെ സമാധാന ദൗത്യങ്ങള്‍ തുടങ്ങിയവയും സമ്മേളനത്തില്‍ വിഷയമാകും.
അതേസമയം, യു.എന്നിന്‍റെ 75ാം ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രസംഗിക്കവെയാണ് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയത്. കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍, നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മിജിതോ വിനിദോ ഇറങ്ങിപ്പോയത്. പിന്നീട് ഇമ്രാന്‍ ഖാന്‍റെ പ്രസംഗത്തിനുള്ള മറുപടി പ്രസംഗത്തില്‍ ശക്തമായ വിമര്‍ശനമാണ് ഇന്ത്യന്‍ പ്രതിനിധി നടത്തിയത്.
ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും മാറ്റാനാവാത്തതുമായ ഭാഗമാണ്. കശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ്. പാകിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരില്‍ നിലവിലെ പ്രശ്‌നമെന്നും ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പറഞ്ഞു. നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളെല്ലാം പാകിസ്ഥാന്‍ ഉപേക്ഷിക്കണം. കശ്മീരില്‍ നിന്നും പാകിസ്ഥാന്‍ ഒഴിഞ്ഞുപോകണം. ഭീകരര്‍ക്ക് സഹായം നല്‍കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണം. ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും യുഎന്നിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി മിജിതോ വിനിദോ കുറ്റപ്പെടുത്തുകയുണ്ടായി.