വിദ്യാർഥിയുടെ കർണപുടം തകർത്ത് പ്രധാനാധ്യാപകൻ

കാസർഗോഡ്: കുണ്ടംകുഴിയിൽ പ്രധാനാധ്യാപകൻ വിദ്യാർഥിയുടെ കർണപുടം തകർത്ത് ക്രൂരമർദനത്തിനിരയാക്കിയതായി പരാതി. കുണ്ടംകുഴി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥിക്കാണു മർദനമേറ്റത്. ഓഗസ്റ്റ് 11ന് ആണു സംഭവം. സ്കൂൾ അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ചാണു പ്രധാനാധ്യാപകന്റെ ക്രൂര മർദനം.തന്റെ കുട്ടി അസംബ്ലിക്കിടെ കാലുകൊണ്ട് ചരലുകൾ നീക്കിയത് എങ്ങനെ വികൃതി ആവുമെന്നാണ് മാതാപിതാക്കളുടെ വാദം. മറ്റു വിദ്യാർഥികൾക്കൊപ്പം നിന്ന കുട്ടിയുടെ മുഖത്തടിക്കുകയും വലതുചെവിയിൽ പിടിച്ചു പൊക്കുകയുമായിരുന്നു എന്ന് മാതാപിതാക്കൾ ആരോപിച്ചു.
വിദ്യാർഥിയെ ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ വിദഗ്ധ ചികിത്സ നിർദേശിച്ചു. തുടർന്ന്, കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിൽ വലതുചെവിക്കു കേൾവിക്കുറവുണ്ടെന്നും കർണപുടം പൊട്ടിയെന്നും കണ്ടെത്തി. കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേനമാക്കണമെന്നാണു ഡോക്ടർമാരുടെ നിർദേശം. പ്രധാനാധ്യാപകനെതിരെ പരാതി നൽകുവാൻ തയാറായി മാതാപിതാക്കൾ.എന്നാൽ പ്രധനധ്യാപകൻ പരാതി നൽകരുതെന്നും,1 ലക്ഷം രൂപ തരാമെന്നും മർദ്ദനത്തിന് ഇരയായ വിദ്യാത്ഥിയുടെ അമ്മ പറഞ്ഞു.പക്ഷെ നിയമപരമായി തന്നെ മുന്നിൽപോകാൻ ആണ് തീരുമാനം എന്നും മാതാപിതാക്കൾ വെക്തമാക്കി.