കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിച്ച സൂപ്പര്‍ ഹിറോയിനായി സിന്ധു

കൊടുമണ്‍; അതങ്ങനെയാണ്,സന്ദര്‍ഭങ്ങളാണ് ഓരോ മനുഷ്യരെയും സൂപ്പര്‍ ഹീറോകളാക്കുന്നത്. കിണറ്റില്‍ വീണ കുഞ്ഞിന് രക്ഷകയായി ചായക്കട നടത്തുന്ന വനിത. ഇടത്തിട്ട ഐക്കരേത്ത് മുരുപ്പില്‍ അജയന്‍ , ശുഭ ദമ്പതികളുടെ മകന്‍ ആരുഷ് (2) ആണ് കളിക്കുന്നതിനിടെ ശനിയാഴ്ച വീട്ടുമുറ്റത്തെ ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ വീണത്.സിന്ധു പിന്നെ ഒന്നും നോക്കിയില്ല. കിണറിന്റെ ആഴങ്ങളിലേക്ക് ജീവന്‍ പണയംവെച്ചിറങ്ങി. തൊടിയില്‍ ചവിട്ടി നിന്നു. യുവാവിന്റെ കൈയില്‍നിന്ന് കുഞ്ഞിനെ വാങ്ങി മുകളിലേക്ക് കയറി. കരയില്‍ നിന്നവരുടെ കൈയിലേക്ക് കുഞ്ഞിനെ സുരക്ഷിതമായെത്തിച്ചു.
ആരുഷിനെ കാണാതായതോടെ ഓടിച്ചെന്ന് അയല്‍വാസിയുടെ ആള്‍മറയില്ലാത്ത കിണറ്റില്‍ നോക്കുമ്പോള്‍ കുട്ടി വീണുകിടക്കുന്നത് കണ്ടു. മാതാപിതാക്കള്‍ ബഹളം കൂട്ടിയപ്പോള്‍ അയല്‍ക്കാര്‍ ഓടിക്കൂടി ബഹളം കൂട്ടി. പനി ബാധിച്ച് വീട്ടില്‍ ഇരിക്കുകയായിരുന്ന ശശി 20 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഇറങ്ങി. എന്നാല്‍, സഹായിക്കാന്‍ ആരുമില്ലാതെ ശശി ബുദ്ധിമുട്ടിയപ്പോള്‍ തൊട്ടടുത്ത് കുടുംബശ്രീ ഹോട്ടല്‍ നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധു എത്തി.
സിന്ധു കിണറ്റില്‍ ചാടിയിറങ്ങി. വെള്ളത്തില്‍ മുങ്ങിത്താണുകൊണ്ടിരുന്ന കുഞ്ഞിനെ ശശി എടുത്ത് മുകളിലെ തൊടിയിലേക്ക് കയറിനിന്നു. കുഞ്ഞിനെ സിന്ധു വാങ്ങി മുകളിലേക്ക് കൈമാറി.പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിന് പുറമേ പരിക്കൊന്നും ഉണ്ടായിരുന്നില്ല. ആന്തരികമായ പരിക്കുകള്‍ ഉണ്ടോയെന്ന് അറിയുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി