മഴ കഴിഞ്ഞില്ല, ബുധനാഴ്ച മുതല്‍ വീണ്ടും കനത്തേക്കും
തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച മുതല്‍ മഴ വീണ്ടും കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായ് കനത്ത മഴ ലഭിക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായി 20ന് പത്ത് ജില്ലകളിലും 21ന് ആറ് ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലക്ഷദീപിനു സമീപം അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും തിങ്കളാഴ്ച വൈകുന്നേരം വരെ മഴ തുടരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
പത്തനംതിട്ടയിലെ കക്കി അണക്കെട്ട് അടിയന്തിര സാഹചര്യത്തില്‍ തുറക്കേണ്ടിവന്നാല്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. എന്‍ഡിആര്‍എഫ് ടീമിനെ ആവശ്യം വരികയാണെങ്കില്‍ ആലപ്പുഴ ജില്ലയിലേക്ക് വിന്യസിക്കും. കേരള-കര്‍ണാടക-ലക്ഷദ്വീപ് മേഖലകളില്‍ മത്സ്യബന്ധനം നാളെ വരെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
കേരളത്തിലുടനീളം 21 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.