ട്രെയിനില്‍ മരിച്ച യുവാവിന്റെ രണ്ടു കണ്ണുകളും എലി തിന്നു.

ഭോപ്പാല്‍/ ട്രെയിനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹത്തിലെ രണ്ടു കണ്ണുകളും എലി തിന്നു. മദ്ധ്യപ്രദേശിലെ ഇറ്റാര്‍സി റെയില്‍വേ സ്റ്റേഷനിൽ ആണ് സംഭവം നടന്നത്. സ്റ്റേഷനു പുറത്തെ ഒരു കുടിലിലായിരുന്നു 33കാരന്റെ മൃതദേഹം റെയിൽവേ പോലീസ് സൂക്ഷിച്ചിരുന്നത്. മോര്‍ച്ചറി ഇല്ലാത്തതിനാല്‍ ഇവിടെ തന്നെയാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കാറുള്ളതെന്നാണ് റെയില്‍വേ പൊലീസ് ഇക്കാര്യത്തിൽ പറയുന്നത്. വ്യാഴാഴ്ച രാത്രി കര്‍ണാടക എക്‌സ്പ്രസില്‍ ആണ് ആഗ്ര സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ട്രെയിനില്‍ അബോധാവാസ്ഥയില്‍ കണ്ടെത്തുകയും,പിന്നീട് യുവാവ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് 33കാരനായ ഇയാൾ യാത്ര ചെയ്തിരുന്നത്. മൃതദേഹത്തിന്റെ ഫോട്ടോ ഉൾപ്പടെ റെയിൽവേ പോലീസ് തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. യുവാവിന്റെ ബന്ധുക്കൾ സ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ രണ്ട് കണ്ണുകളും എലി തിന്ന നിലയിലായിരുന്നെന്നാണ് കുടുംബത്തിന്റെ പരാതി. റെയില്‍വേ പൊലീസിന്റെ അശ്രദ്ധയ്‌ക്കെതിരെ യുവാവിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. രാത്രി വൈകിയതിനാലാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാതിരുന്നതെന്നാണ് റെയില്‍വേ പൊലീസ് വിശദീകരിക്കുന്നത്. മൃതദേഹത്തിന് സമീപം ഒരാളെ കാവല്‍ നിര്‍ത്തിയിരുന്നെന്നും പോലീസ് പറയുന്നുണ്ട്.