ബിനീഷിന് വീരനായക പരിവേഷം നല്‍കി സ്വീകരണം
തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകളില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച് കേരളത്തിലെത്തിയപ്പോള്‍ വീരനായക പരിവേഷം നല്‍കി സിപിഎമ്മിന്റെ സ്വീകരണം. ഒരുവര്‍ഷക്കാലത്തെ ജയിലില്‍വാസം കഴിഞ്ഞ് ബംഗളൂരുവില്‍ നിന്ന് വിമാനത്തിലാണ് ബിനീഷ് തിരുവനന്തപുരത്തെത്തിയത്. തങ്ങളുടെ നേതാവിന്റെ മകനെ രക്തഹാരം അണിയിച്ച് പുഷ്പവൃഷ്ടിയുമായി വരവേല്‍ക്കാന്‍ നിരവധി പേരാണ് വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നത്.
സഹോദരന്‍ ബിനോയിക്കൊപ്പം തിരുവനന്തപുരത്തെത്തിയ ബിനീഷ് മരുതന്‍കുഴിയിലെ വീട്ടിലേക്കാണ് നേരെ പോയത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ വരുന്നത്. ആദ്യം ഞാന്‍ അച്ഛനേയും അമ്മയേയും ഭാര്യയേയും മക്കളേയും കാണട്ടെ. ഒരുപാട് കാര്യങ്ങള്‍ള്‍ പറയാനുണ്ടെന്ന് ബിനീഷ് വിമാനത്താവളത്തില്‍ പ്രതികരിച്ചു. കേരളത്തിലെത്തിയെങ്കിലും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ എടുത്ത കേസ് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഇഡിക്കെതിരെ നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്നാണ് ബിനീഷ് പറഞ്ഞത്.
മത്സ്യത്തിന്റെയും പച്ചക്കറിയുടെയും ബിസിനസ് നടത്തിയാണ് തന്റെ അക്കൗണ്ടില്‍ കോടികളെത്തിയതെന്നാണ് ബിനീഷ് കോടതിയെ ബോധിപ്പിച്ചത്. കടലാസുകമ്പനികള്‍ തുടങ്ങി ടാക്‌സ് വെട്ടിച്ചതിന്റെ കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഏതുവിധത്തില്‍ മുന്നോട്ടുകൊണ്ടുപോകും എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബിനീഷ് ഇഡിക്കെതിരെ പലതും വിളിച്ചുപറയുമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ കരുതുന്നത്. കര്‍ശന ജാമ്യവ്യവസ്ഥകളോടെ കേരളത്തിലെത്തിയ ബനീഷ് ഇനി ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും ജയിലില്‍ പോകാനൊരുങ്ങുമോ എന്ന ചോദ്യവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.