“പുതിയ കേരളത്തിന്റെ ഉദയം, നവകേരളത്തിലേക്കുള്ള ചവിട്ടുപടി”; അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

“പുതിയ കേരളത്തിന്റെ ഉദയം, നവകേരളത്തിലേക്കുള്ള ചവിട്ടുപടി” അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിദാരിദ്ര്യാവസ്ഥയെ മറികടക്കാൻ നാടിന്റെ സഹകരണമാണ് കരുത്തായത്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരുമെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇന്ന് പുതിയ അധ്യായം തുറക്കുന്നു, ലോകത്തിന് മുന്നിൽ ആത്മാഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന നിമിഷമാണിത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
“ഈ പ്രഖ്യാപനം തട്ടിപ്പ് അല്ല,” എന്ന വാക്കുകൾക്കൊണ്ട് വിമർശനങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി. “നിർഭാഗ്യകരമായ ചില പരാമർശങ്ങൾ ഇന്ന് കേട്ടു, അതിലേക്ക് കൂടുതൽ പോകുന്നില്ല. നാടിന്റെ ഒരുമയിലൂടെയാണ് ഈ നേട്ടം സാധ്യമായത്. അസാധ്യം എന്ന് ഒന്നില്ലെന്ന് നാം തെളിയിച്ചു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ കുടുംബത്തിലെയും അതിദാരിദ്ര്യ അവസ്ഥ മാറിയതായി മന്ത്രിസഭ വിലയിരുത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ 4,70,000-ത്തിലധികം വീടുകൾ യാഥാർത്ഥ്യമാക്കി, എൽഡിഎഫ് സർക്കാർ നൽകിയ ഓരോ വാഗ്ദാനവും പാലിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “ഇതിൽ ചാരിത്യാർത്ഥ്യമുണ്ട്. നമുക്ക് ഒരു സമ്പന്നമായ ഭൂതകാലമുണ്ട്. നിരവധി ക്ലേശങ്ങൾ താണ്ടിയാണ് നാം ഇവിടെ എത്തിയത്,” എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
പുതിയ കേരളത്തിനായുള്ള പ്രവർത്തനങ്ങൾക്ക് എപ്പോഴും ഇടതുപക്ഷ സർക്കാരുകളാണ് നേതൃത്വം നൽകിയതെന്നും, അതുകൊണ്ടാണ് ലോകം “കേരള മോഡൽ” എന്ന് വിശേഷിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. “നാൽലക്ഷം വീടുകൾ പൂർത്തിയാക്കാനായത് ജനങ്ങളുടെ വിശ്വാസം കൊണ്ടാണ്. അവർ തന്നെയാണ് ‘തുടരൂ’ എന്ന് പറഞ്ഞത്,” എന്നായിരുന്നു അദ്ദേഹത്തിന്റെ സമാപന വാക്കുകൾ.
Tag: rise of a new Kerala, a stepping stone towards a new Kerala”; Chief Minister declares state free from extreme poverty



