Kerala NewsLatest NewsLocal NewsNationalNews

ഇടുക്കിയിലും വയനാട്ടിലും കാലാവര്‍ഷക്കെടുതി രൂക്ഷം,ഉരുള്‍പൊട്ടല്‍ സാധ്യത വനഭൂമിയിൽ നിന്ന് ചോലനായ്ക്കരെയും മാറ്റി.

കേരളത്തിലെ ഏഴ് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷന്‍. ഇടുക്കിയിലും വയനാട്ടിലുമടക്കം വിവിധ ജില്ലകളില്‍ കാലാവര്‍ഷക്കെടുതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വയനാട്, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, പാലക്കാട്, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളായി കമ്മീഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പെരിയാര്‍, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റ്യാടി എന്നീ പുഴകളുടെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്ത് തിങ്കളാഴ്ചയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. തിങ്കളാഴ്ച കഴിഞ്ഞാല്‍ മഴയുടെ ശക്തി കുറയും. എന്നാല്‍, കാറ്റിന്റെ വേഗതയ്ക്കനുസരിച്ച് ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടായേക്കാം.


അതേസമയം, കാലവർഷം വയനാട്ടിൽ വ്യാപകമായ നാശമാണ് വിതച്ചിരിക്കുന്നത്. വൈത്തിരി= ബത്തേരി, കൽപ്പറ്റ = മാനന്തവാടി,റോഡുകൾ ഒഴികെയുള്ള ജില്ലാ ജില്ലയിലെ മിക്ക റോഡുകളും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലായി. നിലമ്പൂര്‍-വയനാട് അതിര്‍ത്തി വനമേഖലയിലുള്ള
മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കടാശ്ശേരി സണ്‍റൈസ് വാലിയുടെ താഴ്ഭാഗത്തെ 12 കുടുംബങ്ങളിലെ 44 പേരെയാണ് കടാശ്ശേരി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയിലെ പുഴയോരത്ത് വര്‍ഷങ്ങളായി താമസിച്ച് വരുന്ന ചോലനായ്ക്ക വിഭാഗത്തിലെ പ്രോക്തന ഗോത്രവിഭാഗക്കാരാണിവര്‍. മഴ ശക്തമാവുമ്പോള്‍ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുള്ള സാഹചര്യത്തില്‍ പരപ്പന്‍പാറ കോളനിവാസികളെ ബാധിക്കുമെന്നതിനാലാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്.

വനമേഖലയില്‍ നാല് കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഇവരുടെ താമസം. ജില്ലാ ഭരണകൂടത്തിന്റെയും മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിന്റെയും റവന്യൂ- വനം- പട്ടികവര്‍ഗ വികസന വകുപ്പുകളുടെയും പരിശ്രമത്തിന്റെ ഭാഗമായാണ് ഇവരെ പുറത്തെത്തിക്കാന്‍ സാധിച്ചത്. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നിര്‍ദ്ദേശ പ്രകാരം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന, നോര്‍ത്ത് ഡി.എഫ്.ഒ രഞ്ജിത്ത് കുമാര്‍, വൈത്തിരി തഹസില്‍ദാര്‍ ടി.പി അബ്ദുല്‍ ഹാരിസ് എന്നിവര്‍ നടപടികള്‍ക്ക് മുന്‍കയ്യെടുത്തു.
പൊതുസമൂഹവുമായി ബന്ധമില്ലാത്ത കുടുംബങ്ങളെ സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരായ കെ. വീരാന്‍കുട്ടി, കെ. ഹാഷിഫ് എന്നിവര്‍ മുഖേന ബന്ധപ്പെട്ടതോടെയാണ് ഇവര്‍ പുറത്തെത്താന്‍ സന്നദ്ധത അറിയിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വനത്തിനുള്ളിലെത്തി ഇവരെ പുറത്തെത്തിച്ചത്.

അതിനിടെ, കോഴിക്കോട് -കൊല്ലഗൽ ദേശീയപാത 766 ൽ മുത്തങ്ങ തകരപ്പാടി പൊൻകുഴി ഭാഗത്ത് കയറിയ വെള്ളം ഇറങ്ങി. ഗതാഗതം പുന:സ്ഥാപിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് ദേശീയ പാതയിൽ നിന്നും വെള്ളം ഇറങ്ങിയത്. ദേശീയപാതയിൽ വെള്ളം കയറിയതിനെ തുടർന്ന് പൊൻകുഴിഭാഗത്ത് ദേശീയപാതയിൽ കുടുങ്ങിയ വാഹനങ്ങൾ 9.15 ലോടെ മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുത്തങ്ങ തകരപ്പാടി മുതൽ പൊൻകുഴി വരെ ഒന്നര കിലോമീറ്റർ ദൂരത്തിൽ മുത്തങ്ങ പുഴ കരകവിഞ്ഞ് വെള്ളം കയറുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button