ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ,പ്രദീപ് കുമാറിനെ പുറത്താക്കിയെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ.

തിരുവനന്തപുരം / നടിയെ ആക്രമച്ച സംഭവത്തിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സെക്രട്ടറി പ്രദീപ് കുമാറിനെ പുറത്താക്കിയെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. അറസ്റ്റിന് പിന്നാലെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പ്രദീപിനെ പുറത്താക്കിയതായി ഗണേഷ് കുമാര്‍ അറിയിക്കുകയായിരുന്നു. ഗണേഷ് കുമാറിന്റെ എം.എല്‍.എ ഓഫീസിലെ സെക്രട്ടറിയായിരുന്ന പ്രദീപ് കുമാര്‍, എം എൽ എ സെക്രട്ടറി എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ ഇയാളെ പൊലീസ് പത്തനാപുരത്ത് എത്തി അറസ്റ്റ് ചെയ്യുന്നത്. പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ എം.എല്‍.എ ഓഫീസിലെത്തിയായിരുന്നു ബേക്കല്‍ പൊലീസ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇയാളെ കാസര്‍ഗോഡേക്ക് കൊണ്ടുപോവുകയായിരുന്നു.
കേസിലെ മാപ്പ് സാക്ഷിയായ വിപിന്‍ ലാലിന്റെ ബന്ധുവിനെ കാണാനായി പ്രദീപ് കുമാര്‍ കാസര്‍ഗോഡിലെ ജ്വല്ലറിയില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ വാച്ച് വാങ്ങാന്‍ മാത്രമാണ് പ്രദീപ് കുമാര്‍ ഇവിടെയെത്തിയതെന്നു മൊഴി നൽകി പ്രതി ഭാഗം രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. പ്രദീപ്കുമാറടക്കമുള്ളവര്‍ പങ്കെടുത്ത എറണാകുളത്ത് വെച്ച് നടന്ന ഒരു യോഗത്തിന് ശേഷമാണ് മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ തീരുമാനിച്ചതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിട്ടുണ്ട്. സോളാര്‍ കേസില്‍ സരിതയെ സ്വാധീനിച്ച് മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട പ്രദീപ് കുമാറെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയുണ്ടായി. 2017 ഫെബ്രുവരി 18 നാണ് നടി ആക്രമിക്കപ്പെടുന്നത്. കേസില്‍ 2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിക്കുകയായിരുന്നു. ദിലീപ് ജയിലിൽ ആയിരിക്കുമ്പോൾ കെ ബി ഗണേഷ് കുമാർ എം എൽ എ ക്കൊപ്പം പ്രദീപ് ജയിലിൽ ദിലീപിനെ സന്ദർശിക്കാൻ പോയിരുന്നു.