കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു
ബംഗളൂരു: ഹൃദയാഘതത്തെ തുടര്‍ന്ന് കന്നഡ സൂപ്പര്‍ താരം പുനിത് രാജ്കുമാര്‍ (46) അന്തരിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഐസിയുവില്‍ ചികിത്സയില്‍ കഴിയവേയാണ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സൂപ്പര്‍താരം വിടവാങ്ങിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ പുനിത് രാജ്കുമാറിന്റെ നില അതീവഗുരുതരമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
സൂപ്പര്‍താരത്തിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതിരിക്കുകയാണ് കന്നഡ സിനിമാ ലോകവും ആരാധകരും. കന്നഡ സിനിമയിലെ മുന്‍നിര താരമായ പുനീത് രാജ്കുമാറിനെ രാവിലെ പതിനൊന്നരയോടുകൂടിയാണ് ബംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ താരം പതിവ് പോലെ ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ തന്നെ പുനിതിന്റെ അവസ്ഥ മോശമായിരുന്നു എന്ന് വിക്രം ആശുപത്രിയിലെ ഡോക്ടര്‍ രംഗനാഥ് നായക് വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുളള എല്ലാ ശ്രമങ്ങളും നടത്തിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ച് മണിക്കൂറുകള്‍ക്കകം തന്നെ അദ്ദേഹം അന്തരിച്ചു. പുനീത് രാജ്കുമാര്‍ ആശുപത്രിയില്‍ ആണെന്നറിഞ്ഞ് അദ്ദേഹത്തിന്റെ ആരാധകരായ നിരവധി പേരാണ് വിക്രം ആശുപത്രിക്ക് മുന്നില്‍ തടിച്ച് കൂടിയത്. പലരും പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പുനിത് രാജ്കുമാറിന്റെ മരണത്തെ തുടര്‍ന്ന് കര്‍ണാടകത്തില്‍ പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. വിക്രം ആശുപത്രിയിലേക്കുളള റോഡുകള്‍ പോലീസ് ബാരിക്കേഡ് വച്ച് അടച്ചു.