
കൊളസ്ട്രോളിനെ പ്രതിരോധിക്കുന്നതിനായി ഉപയോഗിക്കുന്ന ഫെനോഫൈബ്രേറ്റ് എന്ന മരുന്ന് കൊവിഡിന്റെ അപകടാവസ്ഥ ഒഴിവാക്കുമെന്ന് ഇസ്രേലി ഗവേഷകരുടെ വെളിപ്പെടുത്തൽ. ഫെനോഫൈബ്രേറ്റ് ഉപയോഗിച്ചാൽ കൊവിഡ് സാധാരണ ജലദോഷത്തിന്റെ തലത്തിലേക്ക് മാറുമെന്നും,ഇക്കാര്യത്തിൽ ടിഷ്യൂ പരീക്ഷണം വിജയകരമായിരുന്നുവെന്നും ആണ് ഇസ്രേലി ഗവേഷകാരുടെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
ഹീബ്രു സർവകലാശാലയിലെ ബയോ എൻജിനീയറിങ് സെന്റർ ഡയറക്റ്റർ പ്രൊഫ. യാക്കോവ് നമിയാസ്, ന്യൂയോർക്ക് മൗണ്ട് സിനായ് മെഡിക്കൽ സെന്ററിലെ ബെഞ്ചമിൻ ടെനോവറുമായി ചേർന്നു നടത്തിയ ഗവേഷണത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തിയതെന്നാണ്
ഇസ്രേലി ഗവേഷകർ പറയുന്നത്. ശ്വാസകോശത്തിൽ കൊഴുപ്പ് അടിയാൻ കൊറോണ വൈറസ് കാരണമാകുന്നു. കാർബോഹൈ ഡ്രേറ്റ്സുകളുടെ ദഹനം വൈറസ് തടയുകയാണ്. ഇതുമൂലമാണ് ശ്വാസകോശ സെല്ലുകളിൽ കൊഴുപ്പ് അടിയുന്നത്. ഈ പ്രക്രിയ തടയാൻ ഫെനോഫൈബ്രേറ്റിനു കഴിയും. അങ്ങനെ വരുമ്പോൾ കൊവിഡ് സാധാരണ ജലദോഷത്തിൽ കൂടുതലൊന്നും ആവില്ല- ഹീബ്രു സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ശ്വാസകോശത്തിന് കൊവിഡ് വൈറസ് എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുന്നു എന്നു വിശദമായി പഠിച്ച ശേഷമാണ് രണ്ടു ഗവേഷകരും പരീക്ഷണത്തിന് തയാറായതെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. കൊഴുപ്പ് കൂട്ടുന്നു എന്നതു കൊണ്ടു തന്നെയാണ് പ്രമേഹവും കൊളസ്ട്രോളും അധികമുള്ളവർ ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നതെന്നും ഇവർ അവകാശപ്പെടുന്നു. കൂടുതൽ കൊഴുപ്പ് ദഹിപ്പിച്ചു കളയാൻ ഫെനോഫൈബ്രേറ്റ് സെല്ലുകളെ അനുവദിക്കും. വൈറസിന്റെ പിടിയിൽ നിന്ന് അവ സെല്ലുകളെ മോചിപ്പിക്കും. അഞ്ചു ദിവസത്തെ ചികിത്സ കൊണ്ടു തന്നെ വൈറസ് ഏതാണ്ടു പൂർണമായി ഇല്ലാതാവുമെന്നും ഗവേഷകർ അവകാശപ്പെടുന്നുണ്ട്.