ഹൈക്കോടതി വിധിക്ക് സംസ്ഥാന സര്‍ക്കാരിന് വിലയില്ല
കാക്കനാട്: കോടതി വിധി എന്തായാലും അത് നടപ്പാക്കുമെന്ന് ആണയിട്ടു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതി വിധിക്ക് നല്‍കുന്നത് പുല്ലുവില. സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയില്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസറുടെ നിയമനം മൂന്നാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഏഴാഴ്ച പിന്നിട്ടിട്ടും പരിഗണിച്ചിട്ടുപോലുമില്ല.
റോഡ് ആക്‌സിഡന്റ് ഫോറം ഉപദേശക സമിതിയംഗം ജാഫര്‍ഖാന്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടത്. പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ മെല്ലെപ്പോക്കു നയം മൂലമാണ് വിധി നടപ്പാക്കാന്‍ കാലതാമസം നേരിടുന്നത്. പോലീസുകാര്‍ക്കെതിരെയുള്ള പരാതികള്‍ സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയാണ് പരിഗണിക്കേണ്ടത്.
കസ്റ്റഡിമരണം, പോലീസിന്റെ ക്രൂരത, ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരടക്കമുള്ളവര്‍ പൗരന്മാര്‍ക്കെതിരെ നടത്തുന്ന മാനസിക ശാരീരിക പീഡനങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് ചീഫ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസറുടെ സേവനത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. നിയമന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വി. മനു കോടതിയെ അറിയിച്ചെങ്കിലും 2021 ജൂലൈ 26ന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഇന്റര്‍വ്യൂ സെലക്ഷന്‍ കമ്മിറ്റിയിലെ ഒരംഗത്തിന്റെ അസൗകര്യം മൂലം മുടങ്ങി.
ഇന്റര്‍വ്യൂ പിന്നീട് നടത്തിയില്ലെന്നാണ് ആക്ഷേപം. പോലീസ് സേനയുടെ ഭാഗമല്ലാത്ത ഓഫീസറെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കേണ്ടത്. ഇതിന് വിരുദ്ധമായി പോലീസില്‍ നിന്നുള്ളയാളെ തന്നെ ചീഫ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസറായി നിയമിക്കാനുള്ള നീക്കമാണ് ആഭ്യന്തര വകുപ്പ് നടത്തുന്നത് എന്നാണ് ആക്ഷേപം. ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ അംഗങ്ങളായ പോലീസ് സൂപ്രണ്ട് മുതല്‍ ഡയറക്ടര്‍ ജനറല്‍ വരെയുള്ള അന്വേഷണങ്ങള്‍ക്ക് എന്‍ഐഎ, സിബിഐ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥരായി എത്തിയാല്‍ അന്വേഷണം കാര്യക്ഷമമാവില്ലെന്നുള്ള അഭിപ്രായവും ഉയരുന്നുണ്ട്.
കുറ്റാന്വേഷണം ശാസ്ത്രീയമായി തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനു കഴിയണമെങ്കില്‍ അതുമായി ബന്ധപ്പെട്ട ക്രിമിനോളജിയില്‍ വേണ്ടത്ര പരിജ്ഞാനം ഉണ്ടാവണം. ചീഫ് ഇന്‍വസ്റ്റിഗേറ്റിംഗ് ഓഫീസറായി നിയമിക്കപ്പെടുന്നയാള്‍ ഒരു ക്രിമിനോളജിസ്റ്റ് ആയിരിക്കണമെന്നാണ് ഹൈക്കോടതിയുടെ വിധിന്യായത്തില്‍ പറയുന്നത്. പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയുടെ പ്രവര്‍ത്തനം കേരളത്തില്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയോട് മുഖംതിരിക്കുന്ന നടപടിയാണ് ആഭ്യന്തര വകുപ്പിന്റേത്. എന്തായാലും മുഖ്യമന്ത്രിയുടെ വകുപ്പ് കോടതി വിധി അവഗണിക്കുന്നത് വ്യാപകമായ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.