ജൂനിയര്‍ നഴ്സുമാരുടെ സമരം ഒത്തു തീർപ്പാക്കണം.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ നഴ്സുമാര്‍ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നടത്തി വരുന്ന സമരം സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കണമെന്ന് കേരള ഗവ. നേഴ്സസ് അസോസിയേഷന്‍ ആവശ്യപെട്ടു. സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം ജൂനിയര്‍ നഴ്സുമാര്‍ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂനിയര്‍ നഴ്സുമാർ സമരം നടത്തി വരുന്നത്.
ബിഎസ്‍സി നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം നിര്‍ബന്ധിത സേവനത്തിന്റെ ഭാഗമായി ജോലി ചെയ്യുന്ന 400 ഓളം ജൂനിയര്‍ നഴ്സുമാരാണ് കഴിഞ്ഞ ആഗസ്റ്റ് 21 മുതല്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. നിലവില്‍ 13, 900 രൂപയാണ് ജൂനിയര്‍ നഴ്സുമാര്‍ക്ക് ശമ്പളം നൽകുന്നത്. ഇത് 27,800 ആക്കണമെന്നാണ് ജൂനിയര്‍ നഴ്സുമാര്‍ ആവശ്യമുന്നയിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ വിഭാഗം ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുവാനും അലവന്‍സുകള്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെങ്കിലും ഈ വിഭാഗത്തെ മാത്രം പരിഗണിച്ചിട്ടില്ല. പ്രതിദിനം 460 രൂപക്ക് ജോലി ചെയ്യുന്ന മറ്റൊരു വിഭാഗവും ആരോഗ്യമേഖലയില്‍ ഇപ്പോള്‍ ഇല്ല എന്നതാണ് യാഥാർഥ്യം.