ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി.

ന്യൂഡൽഹി / ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. കേസിന് ആസ്പദമായ രേഖകൾ നൽകാൻ വീണ്ടും സിബിഐ
കൂടുതൽ സാവകാശം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. പല കാരണങ്ങളാൽ 17 തവണയാണ് കേസ് ഇതിനകം തുടർച്ചയായി മാറ്റിവെച്ചിട്ടുള്ളത്. ഇതിൽ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് അതൃപ്തി അറിയിക്കുകയുമുണ്ടായി.ഇപ്പോൾ ജനുവരി 7നകം രേഖകൾ സമർപ്പിക്കണമെന്നാണ്സുപ്രീം കോടതി നിർദേശിച്ചിട്ടുള്ളത്. ഒക്ടോബർ 8നു കേസ് പരിഗണിച്ചപ്പോൾ, കേസിനെക്കുറിച്ച് ഒരു കുറിപ്പും വിവിധ ഹർജികളുമായി ബന്ധപ്പെട്ട രേഖകളും കോടതിക്കു നൽകാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞിരുന്നതാണ്. രേഖകൾ സമാഹരിച്ചു നൽകാനാണ് സിബിഐ സാവകാശം ചോദിച്ചിരുന്നത്. കേസ് 2017 ഒക്ടോബർ 27നാണ് സുപ്രീം കോടതി ആദ്യം പരിഗണിക്കുന്നത്. പിന്നീട് പല കാരണങ്ങളാൽ 17 തവണ മാറ്റിവെക്കുകയായിരുന്നു.
2017 ഓഗസ്റ്റ് 23ന് ആണു മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കുന്നത്.വിചാരണയ്ക്കു മുൻപേ പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിനെതിരയാണ് സിബിഐ അപ്പീൽ നൽകുന്നത്. കേസിൽ പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അപ്പീലിൽ സി ബി ഐ അവകാശപ്പെടുന്നത്. വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയൻ അറിയാതെ ലാവ്‌ലിൻ ഇടപാടു നടക്കില്ലെന്ന് അപ്പീലിൽ സിബിഐ ചൂണ്ടിക്കാറ്റുന്നു. മന്ത്രിതലത്തിൽ രാഷ്ട്രീയമായ തീരുമാനമെടുക്കാതെ ഉദ്യോഗസ്ഥർക്ക് ഇത്തരമൊരു വിഷയത്തിൽ നടപടിയെടുക്കാനാവില്ലെന്നാണ് സി ബി ഐ യുടെ വാദം. ലാവ്‌ലിൻ ഇടപാടിൽ സംസ്ഥാനത്തിനു 374 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വിചാരണയ്ക്കു മുൻപേ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ശരിയല്ല. വസ്തുതകളും തെളിവുകളും കൃത്യമായി പരിശോധിക്കാതെയാണ് ഹൈക്കോടതി വിധി ഉണ്ടായത്. കെഎസ്ഇബി മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് അക്കൗണ്ട്സ് ഓഫിസർ കെ.ജി.രാജശേഖരൻ നായർ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു. തങ്ങളെ മാത്രം വിചാരണ ചെയ്യുന്നതിനെതിരെ കസ്തൂരിരംഗ അയ്യരും ആർ.ശിവദാസനും സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.