കുവൈറ്റ് വീണ്ടും നിയന്ത്രണത്തിലേയ്ക്ക്: കൊറോണ പ്രതിരോധ നടപടികൾ കർശനം; ദുരിതത്തിലായി പ്രവാസികൾ

കുവൈറ്റ് സിറ്റി: കൊറോണ മഹാമാരി പ്രതിരോധ പശ്ചാത്തലത്തിൽ നടപടികൾ കർശനമാക്കിയതോടെ കുവൈത്തിലെ ജനജീവിതം വീണ്ടും നിയന്ത്രണത്തിലേക്ക്. ഞായറാഴ്ച മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ കുവൈത്തിൽ എത്താനുള്ള ആയിരങ്ങൾക്ക് വിനയാകും. രണ്ടാഴ്ചത്തേക്ക് കുവൈറ്റിൽ വിദേശികൾക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് മന്ത്രിസഭാ തീരുമാനം.
നിരോധനമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മൂന്നാമതൊരു രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷം കുവൈറ്റിൽ എത്താമെന്ന സൗകര്യം മലയാളികൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തിയിരുന്നു. കുവൈറ്റിലേക്കുള്ള വിമാനത്തിൽ 35 പേർ മാത്രം മതിയെന്ന നിയന്ത്രണം വന്നതോടെ അത്തരം യാത്രക്കാരും പ്രയാസത്തിലായി.
ദുബായിൽ എത്തിയ പലരും കുവൈറ്റിലേക്ക് വിമാനത്തിൽ സീറ്റ് ലഭിക്കാതെ കുടുങ്ങി. ദുബായിൽ പ്രവേശിച്ച സന്ദർശന വീസയുടെ കാലാവധിയും പ്രശ്നമായി. ഇപ്പോഴും ഒട്ടേറെ പേർ ദുബായിലുണ്ട്. 2 ആഴ്ചക്കാലം കുവൈറ്റിലെ വിദേശികൾക്ക് പ്രവേശനനിരോധനം പ്രാബല്യത്തിൽ വരുന്നതോടെ ദുബായിൽ എത്തിയവർക്ക് കുവൈറ്റിലേക്ക് പോകാൻ കഴിയില്ല. സന്ദർശക വീസയുടെ കാലാവധി തീരൽ, ദുബായിലെ ഹോട്ടൽ വാടക തുടങ്ങിയ പ്രശ്നങ്ങൾ നേരിടുകയാകും ഫലം.
വന്ദേഭാരത് വിഭാഗത്തിലുള്ള വിമാനങ്ങളാണ് ചെറിയ തോതിലെങ്കിലും കുവൈറ്റ്-ഇന്ത്യ യാത്രയ്ക്ക് സഹായകം. കുവൈറ്റിലേക്കുള്ള യാത്രയിൽ കുവൈറ്റ് ആരോഗ്യ /വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർ, ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് മാത്രമേ യാത്ര അനുവദിക്കുന്നുള്ളെങ്കിലും ഇന്ത്യയിലേക്ക് തിരിച്ചുള്ള യാത്രയിൽ ആർക്കും യാത്ര ചെയ്യാമെന്ന സൗകര്യമുണ്ട്.
പ്രതിരോധ നടപടികൾ പാലിക്കണം: മന്ത്രി
കൊറോണ വ്യാപനത്തിനെതിരായ പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്ന് പൊതുസമൂഹത്തോട് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ്. അത് സംബന്ധിച്ച് അധികൃതർ സ്വീകരിക്കുന്ന എല്ലാ നടപടികളും അനുസരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ് മാസ്കുകൾ നിർബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. കൈകൾ എപ്പോഴും ശുദ്ധി ഉറപ്പാക്കണം. പ്രതിരോധ നടപടികളോടുള്ള അലംഭാവം മഹാമാരിക്കെതിരായ പോരാട്ടത്തെ പിറകോട്ട് വലിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.