തനിക്കെതിരെ അന്വേഷണ ഏജൻസികളുടെ പക്കൽ തെളിവുകൾ ഒന്നും ഇല്ലെന്ന മുടന്തൻ ന്യായവുമായി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ.

തിരുവനന്തപുരം / തനിക്കെതിരെ അന്വേഷണ ഏജൻസികളുടെ പക്കൽ തെളിവുകൾ ഒന്നും ഇല്ലെന്ന മുടന്തൻ ന്യായവുമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കുകയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യം കിട്ടുന്നതിനായി ഹർജി നൽകിയിരിക്കുന്നത്. തനിക്ക് കാൻസർ രോഗബാധ സംശയിക്കുന്നതിനാൽ പരിശോധനകളും ചികിത്സയും നടക്കുന്നുണ്ടെന്നും, കഠിനമായ നടുവേദനയുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്. തനിക്ക് കേസിൽ പങ്കില്ലെന്നും, തനിക്കെതിരെ കസ്റ്റംസിന് തെളിവുകളൊന്നും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും പറയുന്ന ശിവശങ്കർ, കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മാത്രമാണ് തനിക്കെതിരെ മൊഴി നൽകിയതെന്നും, കസ്റ്റഡിയിൽ കഴിയവേ സമ്മർദ്ദം മൂലം നൽകിയതാണ് സ്വപനയുടെ മൊഴിയെന്നും ജാമ്യഹർജിയിൽ ആരോപിച്ചിട്ടുണ്ട്.