Educationinternational newsNews

അഫ്ഗാനിസ്ഥാനിലെ സർവകലാശാലയിൽ സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ

സ്ത്രീകളെഴുതിയ പുസ്തകങ്ങളോടൊപ്പം ഇറാനിയൻ എഴുത്തുകാരുടെയും പ്രസാധകരുടെയും പുസ്തകങ്ങളും നിരോധിച്ചിട്ടുണ്ട്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സ‍വ്വകലാശാല അധ്യാപനത്തിൽ നിന്നും സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ. സ്ത്രീകൾ എഴുതിയ 140 പുസ്തകങ്ങളാണ് നീക്കിയത്. സ്ത്രീകളുടെ പുസ്തകങ്ങൾക്ക് പുറമെ 680 പുസ്തകങ്ങൾ കൂടി ഇസ്ലാമിക നിയമങ്ങൾക്കും ഭരണകൂടത്തിന്‍റെ നയങ്ങൾക്കും എതിരാണെന്ന കാരണത്താൽ വിലക്കിയിട്ടുണ്ട്. 18 വിഷയങ്ങൾ പഠിപ്പിക്കുന്നതിനും സ‍ർവ്വകലാശാലകളിൽ താലിബാൻ വിലക്ക് ഏ‍ർപ്പെടുത്തിയിട്ടുണ്ട്. ശരീയത്ത് നിയമങ്ങൾക്കും താലിബാന്‍റെ നയങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ നിരോധനം.

താലിബാൻ നിരോധിച്ച 18 വിഷയങ്ങളിൽ ആറെണ്ണവും സ്ത്രീകളെ കുറിച്ചുള്ളതാണ്. ലിംഗഭേദവും വികസനവും, ആശയ വിനിമയത്തിൽ സ്ത്രീകൾക്കുള്ള പങ്ക് എന്നിവ നിരോധിച്ച വിഷയങ്ങളിൽ ഉൾപ്പെടുന്നു. 18 വിഷയങ്ങൾ ഇനി പഠിപ്പിക്കാൻ സ‍വ്വകലാശാലകൾക്ക് അനുവാദമില്ലെന്നാണ് താലിബാൻ വ്യക്തമാക്കുന്നത്.

അഫ്ഗാൻ സംസ്കാരത്തിന്‍റെയും ഇസ്ലാമിക നിയമത്തിന്‍റെയും വ്യാഖ്യാനമനുസരിച്ച് സ്ത്രീകളുടെ അവകാശങ്ങളെ തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി. ഓഗസ്റ്റ് അവസാനമാണ് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ താലിബാൻ പുറത്തിറക്കിയത്. മത പണ്ഡിതന്മാരുടെയും വിദഗ്ധരുടെയും സമിതിയാണ് ഈ തീരുമാനങ്ങൾ എടുത്തതെന്ന് സർവകലാശാലകൾക്ക് അയച്ച കത്തിൽ താലിബാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഡെപ്യൂട്ടി അക്കാദമിക് ഡയറക്ടർ സിയാഉർ റഹ്മാൻ ആര്യുബി പറഞ്ഞു.

താലിബാന്റെ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയില്ല എന്നാണ് വിലക്കിനെ അഫ്ഗാൻ മുൻ നീതി-ന്യായ വകുപ്പ് സഹമന്ത്രിയായിരുന്ന സക്കിയ അദേലി പ്രതികരിച്ചത്. നിരോധിച്ച പുസ്തകങ്ങളുടെ പട്ടികയിൽ സക്കിയ അദേലി രചിച്ച പുസ്തകങ്ങളുമുണ്ട്. കഴിഞ്ഞ നാല് വർഷമായി താലിബാൻ ചെയ്ത കാര്യങ്ങൾ പരിശോധിക്കുമ്പോൾ, പാഠ്യപദ്ധതിയിൽ അടിച്ചേൽപ്പിച്ച ഈ മാറ്റങ്ങളിൽ അതിശയോക്തിയില്ലെന്നും സക്കിയ അദേലി കൂട്ടിച്ചേർത്തു. താലിബാന്‍റെ സ്ത്രീവിരുദ്ധ മനോഭാവവും നയങ്ങളും കണക്കിലെടുക്കുമ്പോൾ, സ്ത്രീകൾക്ക് അവരുടെ കാഴ്ചപ്പാടുകളും ആശയങ്ങളും എഴുത്തുകളും പഠിയ്ക്കാൻ അനുവാദം നൽകാത്തത് സ്വാഭാവികമാണെന്നും അവർ പറഞ്ഞു.

സ്ത്രീകളെഴുതിയ പുസ്തകങ്ങളോടൊപ്പം ഇറാനിയൻ എഴുത്തുകാരുടെയും പ്രസാധകരുടെയും പുസ്തകങ്ങളും നിരോധിച്ചിട്ടുണ്ട്. ഇറാനിയൻ ഉള്ളടക്കം അഫ്ഗാൻ പാഠ്യപദ്ധതിയിലേക്ക് കടന്നുവരുന്നത് തടയുന്നതിനാണ് ഇത് ചെയ്യുന്നതെന്ന് പുസ്തക അവലോകന സമിതിയിലെ അംഗം അന്താരാഷ്ട്ര മാധ്യമമായ ബിബിസിയോട് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ എല്ലാ സർവകലാശാലകളിലേക്കും അയച്ച 50 പേജുള്ള പട്ടികയിൽ 679 പുസ്തകങ്ങളുണ്ട്, അതിൽ 310 എണ്ണം ഇറാനിയൻ എഴുത്തുകാർ എഴുതിയതോ, ഇറാനിൽ പ്രസിദ്ധീകരിച്ചതോ ആണ്.

താലിബാന്‍റെ പുതിയ നിരോധനം അധ്യാപകരെ ആശങ്കയിലാക്കുന്നുണ്ട്. ഇറാനിയൻ എഴുത്തുകാരുടെയും, വിവർത്തകരുടെയും പുസ്തകങ്ങളാണ് അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളെ ആഗോള അക്കാദമിക് സമൂഹവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി. അതിനാൽ പുസ്തകങ്ങൾ നീക്കം ചെയ്യുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയൊരു ശൂന്യത സൃഷ്ടിക്കുമെന്ന് ഒരു അധ്യാപകൻ ബിബിസിയോട് പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button