Kerala NewsLatest NewsNewsPolitics

ഭീഷണി അവസാനിക്കില്ല; സിപിഎമ്മിന് ചോരക്കളി വെറും കുട്ടിക്കളി

കണ്ണൂര്‍: സിപിഎം വിമത നേതാവ് കോമത്ത് മുരളീധരനും മകനും വധഭീഷണി. എടാ വര്‍ഗ്ഗ വഞ്ചകാ കോമത്ത് മുരളീ ഈ വരുന്ന ഏരിയ സമ്മേളനത്തിനു മുന്നേ നിന്നെയും നിന്റെ മകന്‍ അമലിനേയും ഏതുവിധേനയും ഞങ്ങള്‍ കൊന്ന് ഞങ്ങളുടെ പ്രസ്ഥാനത്തോടുള്ള കടമ പൂര്‍ത്തീകരിക്കും. രക്ഷപ്പെടാമെങ്കില്‍ രക്ഷപ്പെട്ടോളൂ. ഇത് ധീരരക്തസാക്ഷികള്‍ നേതൃത്വം കൊടുത്ത വിപ്ലവ പ്രസ്ഥാനത്തിന്റെ താക്കീതാണ്- ഇതായിരുന്നു തളിപ്പറമ്പ് സഖാക്കള്‍ എന്ന പേരില്‍ മുരളീധരന് ലഭിച്ച കത്തിലെ വരികള്‍. ഇതിനെതിരെ മുരളീധരന്‍ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

നിര്‍ത്തിക്കൊള്ളുക ആര്‍ക്കുവേണ്ടി ബലിയാടാകുന്നു. ലോകം നന്നാക്കാന്‍ നിങ്ങള്‍ക്കോ എനിക്കോ സാധിക്കുകയില്ല. ടിപിയെ 51 വെട്ടിയെങ്കില്‍ ഇവനെ 102 എന്നാണ് ഒരുവന്‍. ഇവനെ ഇനി നമ്മക്ക് വേണ്ട കുല ദ്രോഹി. ശരിയാക്കിക്കളയാം എന്നിങ്ങനെയാണ് കേള്‍വി. അതുകൊണ്ട് ദയവായി നിര്‍ത്തിക്കൊള്ളുക. തടി തപ്പിക്കൊള്ളുക. ലോകം നന്നാക്കാന്‍ മാര്‍ക്‌സ് നോക്കി. യേശു നോക്കി. ബുദ്ധന്‍ നോക്കി. ആരൊക്കെയോ നോക്കി. ഗാന്ധി നോക്കി. സോക്രട്ടീസ് നോക്കി. വിഷം കൊടുത്തുകൊന്നുകളഞ്ഞു. അഭിനവ ഗോര്‍ബച്ചോവുമാര്‍ നീണാല്‍ വാണുകൊള്ളട്ടേ. നമസ്‌ക്കാരം (തുടരും) പറഞ്ഞത് കേട്ടല്ലോ- ഇതായിരുന്നു മറ്റൊരു കത്ത്.

ഈ കത്ത് എന്നാണ് എഴുതിയത് എന്ന് ഇല്ല. രണ്ടാമത്തെ കത്ത് ഒക്ടോബര്‍ 27 നാണ് എഴുതിയത്. അത് 28ന് തന്നെ മുരളീധരന് കിട്ടി. ആദ്യ കത്ത് കിട്ടിയപ്പോള്‍ അത്ര ഗൗരവമായി എടുക്കാഞ്ഞ മുരളീധരന്‍ രണ്ടാമത്തെ കത്ത് കിട്ടിയതോടെയാണ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. വിഭാഗീയതയുടെ പേരില്‍ കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ നേതൃത്വം തയ്യാറായിട്ടും വിമത വിഭാഗം പിന്മാറാന്‍ തയ്യാറാകാത്തതിനാലാണ് ഭീഷണി കത്തെന്നാണ് സൂചന.

വിമത നേതാവിന് വധ ഭീഷണി കൂടി ഉയര്‍ന്നതോടെ തളിപ്പറമ്പിലെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത പുതിയതലത്തിലേക്ക് കടക്കുകയാണ്. നേരത്തെ സിപിഎം വിട്ട ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരനും ഇതിനു സമാനമായി തുടര്‍ച്ചയായി വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് കണ്ണുക്കരയില്‍ വെച്ചു ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. കോമത്ത് മുരളീധരന് വധഭീഷണിയുയര്‍ന്നത് പോലീസ് ഗൗരവമായാണ് കാണുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button