മൂന്നാറിൽ ദുരന്തം, എസ്റ്റേറ്റ് തൊഴിലാളികളുടെ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു.

കനത്തമഴയില്‍ മൂന്നാറില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. രാജമലയിലെ പെട്ടിമുടിയില്‍ കണ്ണന്‍ദേവര്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന് എണ്‍പതോളം പേര്‍ താമസിക്കുന്ന ലയത്തിനുമുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. നിരവധിപേര്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മൂന്നുപേര്‍ മരിച്ചതായും മൂന്നുപേരെ രക്ഷപ്പെടുത്തിയതായും ഇതുവരെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടിൽ പറയുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ വിവരങ്ങള്‍ ലഭിക്കാനും പ്രയാസമാണ്. തമിഴ് തൊഴിലാളികളാണ് ഇവിടെ കൂടുതലായി താമസിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസും ഫയര്‍ഫോഴ്സും പുറപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ക്ക് അവിടേക്ക് ഇതുവരെ എത്തിപ്പെട്ടാനായിട്ടില്ല. മൂന്നാറില്‍ നിന്ന് രണ്ടുമണിക്കൂര്‍ വേണം ഇവിടേക്ക് എത്താന്‍. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സമായിരിക്കുന്നത്. മൂന്നാര്‍ രാജമല റോഡിലെ വന്‍തോതില്‍ മണ്ണുമാറ്റാനുളളതിനാല്‍ ജെ സി ബി ഉള്‍പ്പടെ എത്തേണ്ടതുണ്ട്. ജീപ്പുകള്‍ക്ക് മാത്രമാണ് ഇതുവഴി സഞ്ചരിക്കാനാവുക. രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്നാണ് അധികൃതര്‍ പറയുന്നത്.പെരിയവര പാലം തകര്‍ന്നതിനാല്‍ ഇവിടേക്ക് എത്തിച്ചേരാനായിട്ടില്ല. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ ഈ പ്രദേശം പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്. സമീപത്തെ ആശുപത്രികളോട് അടിയന്തര സാഹചര്യം നേരിടാനുളള തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
കനത്ത മഴയുണ്ടായാൽ ഇവിടെ മണ്ണിടച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. അതിനാല്‍ ലയങ്ങളില്‍ താമസിച്ചിരുന്നവര്‍ ഒഴിഞ്ഞുപോയി രുന്നതായ റിപ്പോർട്ടുകളും ഉണ്ട്. മണ്ണിടിഞ്ഞ വിവരം നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
ഇടുക്കി ജില്ലയിലെ മറ്റുചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കാനം അണ്ണൻതമ്പിമല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നല്ലതണ്ണിയില്‍ മലവെളളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം കണ്ടെത്താനായി.