ഗതാഗത മന്ത്രിക്ക് ജനത്തെക്കാൾ കൂറ് പ്രൈവറ്റ് ബസ് ഉടമകളോടാണ്, മന്ത്രിയുടെ കോവിഡ് കാലം മാറത്തില്ല, ജനത്തെ പിഴിയുന്നത് തുടരും, കൂട്ടിയ ടിക്കറ്റ് നിരക്കുകൾ കെ എസ് ആർ ടി സി ഉടൻ പിൻവലിക്കില്ല.

തിരുവനന്തപുരം / കൊവിഡ് കാലത്ത് കൂട്ടിയ ടിക്കറ്റ് നിരക്കുകൾ കെ എസ് ആർ ടി സി ഉടൻ പിൻവലിക്കില്ല. സംസ്ഥാന ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റേതാണ് തീരുമാനം. കൊവിഡ് വ്യാപനം കുറഞ്ഞ് ബസുകളിൽ തിരക്കേറിയ സാഹചര്യത്തിൽ അധികമായി കൂട്ടിയ നിരക്ക് കുറയ്‌ക്കാനുളള ശുപാർശ കെ എസ് ആർ ടി സി മുന്നോട്ട് വെച്ചിരിക്കെയാണ് അതിനുളള സമയമായിട്ടില്ലെന്ന ഗതാഗതമന്ത്രിയുടെ നിലപാട്. കൊവിഡ് കാലത്ത് തുടങ്ങിയ സ്‌പെഷ്യൽ സർവീസുകളിൽ കൂടിയ നിരക്ക് തുടരുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. പഴയ നിരക്ക് കൊണ്ട് വന്നുകൂടെ എന്ന് കെ എസ് ആർ ടി സി ചോദിച്ചിട്ടും സമയമായില്ലെന്നു മന്ത്രി പറയാൻ കാരണമുണ്ട്. മുഖ്യമായും മന്ത്രിക്ക് ജനത്തെക്കാൾ കൂറ് പ്രൈവറ്റ് ബസ് ഉടമകളോടാണ്. അവർ പിണങ്ങുമെന്നതും, നിരക്ക് കുറച്ചാൽ ഇടയുമെന്നതും മന്ത്രിക്കു നല്ലവണ്ണം അറിയാം. അത് കൊണ്ട് ജനം ഇത്തിരി ദുരിതം പേറിയാലും പ്രൈവറ്റ് ബസ് ഉടമകൾ കുറച്ചുകൂടി ജനത്തെ പിഴിഞ്ഞോട്ടെ എന്നാണ് ഗതാഗത മന്ത്രി ചിന്തിക്കുന്നതെന്നു വേണം കരുതാൻ.
അതിനു ചില മുടന്തൻ ന്യായങ്ങളും ഗതാഗത മന്ത്രി പറയുന്നുണ്ട്. യാത്രക്കാരുടെ എണ്ണം കൂടിയത് കൊണ്ട് മാത്രം നിരക്ക് കുറയ്‌ക്കാനുളള സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം. പഴയ നിരക്ക് പുനസ്ഥാപിച്ചാൽ സ്വകാര്യ ബസ് സമരമുൾപ്പടെയുളള പ്രതിഷേധവും സർക്കാർ കണക്കിലെടുക്കേണ്ടി വരുമെന്നതാണ് മുഖ്യ പ്രശ്നമെന്നത് മന്ത്രി അവിടെ മറച്ചു വെക്കുകയാണ്. കോവിഡ് മൂലം ഉള്ള പ്രശ്നങ്ങൾ ഇപ്പോൾ തീർത്തും മാറിയിരിക്കുകയാണ് കെ എസ് ആർ ടി സി ഉൾപ്പടെയുള്ള ബസുകളിൽ സീറ്റുകളിൽ കുത്തി തിരുകിയും, യാത്രക്കാരെ നിർത്തിയും യാത്ര തുടങ്ങിയിട്ടും, കോവിഡ് കാരണം കൂട്ടിയ ബസ് നിരക്ക് കുറക്കാത്ത സർക്കാർ നടപടി അനീതിയും, അക്രമവും, പിഴിഞ്ഞെടുക്കലുമാണ്.
നിരക്ക് കൂട്ടിയ സബ് കമ്മിറ്റി തന്നെ ഇളവിന് ശുപാർശ നൽകട്ടെയെന്ന ഗതാഗത വകുപ്പിന്റെ നിലപാട് ജനങ്ങളോടുള്ള വെല്ലു വിളിയാണ്. ദീർഘദൂര സർവീസുകളിൽ ആളുകൾ കൂടിയിട്ടുണ്ടെങ്കിലും പ്രതിസന്ധിയിൽ നിന്ന് കരകയറാനുളള വരുമാന വർദ്ധനവുണ്ടായിട്ടില്ല എന്ന് കെ എസ് ആർ ടി സി പറയുന്നതാകട്ടെ മുട്ടാപ്പോക്ക് തന്നെയാണ്. ഇന്ധന വില വർദ്ധന കണക്കാക്കി കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ നിരക്ക് ഭാവിയിലും ചെറിയ മാറ്റം വരുത്തി നിലനിർത്തുന്നതിനുള്ള ശ്രമമാണ് ഇത്. കെ എസ് ആർ ടി സിയുടെ നഷ്ടവും, കഷ്ട്ടവും ഒക്കെ തീർന്നിട്ട്
നിരക്ക് കുറക്കാമെന്ന ന്യായം നടക്കാൻ പോകാത്ത സത്യമാണ്. എന്തെന്നാൽ കെ എസ് ആർ ടി സിയുടെ ഇത് വരെയുള്ള ചരിത്രം അറിയുന്ന ജനത്തിനും അതറിയാവുന്നതാണ്. നിരക്ക് പരിഷ്‌കരണത്തിനായി ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനോട് പുതിയ റിപ്പോർട്ട് തേടാനുള്ള നീക്കം, നിരക്ക് ഭാവിയിൽ ചെറിയ മാറ്റം മാത്രം വരുത്തി നിലനിർത്തി കൊണ്ടുപോകാനും, ജനത്തിന്റെ കഴുത്തറുപ്പൻ നിരക്ക് തുടരാനുമുള്ള കൊള്ളയടിക്കലിനുള്ള പധ്ധതിയാണ്.