രാജ്യത്തെ വിദ്യാഭ്യാസ രീതിക്ക് അടിമുടി മാറ്റം, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി.

രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ കേന്ദ്ര സർക്കാർ മാറ്റം വരുത്തുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ രീതികള്‍ മാറ്റുന്ന കരട് നയത്തിനാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. നാല് ഘട്ടങ്ങളായി 12 ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന 18 വര്‍ഷ വിദ്യാഭ്യാസ സമ്പ്രദായമാണ് പുതുതായി നിലവില്‍ വരാൻ പോകുന്നത്.
മൂന്ന് വയസ്സുമുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം അവകാശമാകും. ഒപ്പം പാഠ്യ പദ്ധതിക്ക് പുറമെ കലാകായിക മേഖലകളിലടക്കം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി പ്രാമുഖ്യം നല്‍കുന്ന വിധമാണ് വിദ്യാഭ്യാസ രീതിയിൽ മാറ്റം വരുത്തിയിട്ടുള്ളത്.
ഇഷ്ടമുള്ള വിഷയങ്ങള്‍ മാത്രം വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരവും ഇതിനൊപ്പമുണ്ടാവുമെന്നാണ് നയത്തില്‍ എടുത്ത് പറയാവുന്ന പ്രത്യേകത. ഐ.എസ്.ആര്‍.ഒ മുന്‍ തലവന്‍ കെ കസ്തൂരിരംഗന്‍ നയിക്കുന്ന പാനലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപം നൽകി മാനവ വിഭവ ശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. ‘നയം അംഗീകരിച്ചു. നിലവിലെ മാനവ വിഭവശേഷി മന്ത്രാലയം ഇനിമുതല്‍ വിദ്യാഭ്യാസ മന്ത്രാലയം എന്ന് അറിയപ്പെടും,’ എച്ച്.ആര്‍.ഡി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.