ഇന്ത്യയുടെ നിലപാട് നോക്കി അമേരിക്കയും ചൈനയും
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം മുതല്‍ ലോകരാജ്യങ്ങളില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന ചൈന ഇന്ത്യയുടെ നിലപാടിനെ ഉറ്റുനോക്കുകയാണ്. ചൈനയുടെ പ്രഖ്യാപിത ശത്രുവായ അമേരിക്കയും ഇന്ത്യയുടെ നടപടികള്‍ സാകൂതം വീക്ഷിക്കുകയാണ്. ചൈനയുടെ ഏറ്റവും വലിയ പിഴവ് എന്നു പറയുന്നത് പാക്കിസ്ഥാന്‍ ഒഴികെയുള്ള അയല്‍ രാജ്യങ്ങളുമായുള്ള കടുത്ത ശത്രുതയാണ്. എന്തിനേറെ കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാം പോലും ചൈനയുടെ ശത്രു രാജ്യമാണ്. ചൈനക്ക് എപ്പോള്‍ വേണമെങ്കിലും ആക്രമിച്ചു കീഴടക്കാന്‍ കഴിയുന്ന ചെറിയ രാജ്യമാണ് വിയറ്റ്നാം.
അമേരിക്കന്‍ സഖ്യ സേനയെ തുരത്തിയ പോരാട്ട വീര്യമുള്ള മണ്ണാണ് വിയറ്റ്നാമിന്റേത്. ഗറില്ല യുദ്ധമുറകളില്‍ വിദഗ്ദരായ വിയറ്റ്‌നാം സൈന്യത്തിന്റെ പക്കല്‍ ഇന്ത്യ നല്‍കിയ ബ്രഹ്‌മോസ് ഉള്‍പ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുമുണ്ട്. ചൈനയുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെയാണ് ഇന്ത്യ വിയറ്റ്നാമുമായി നിലവില്‍ സഹകരിക്കുന്നത്. താലിബാന്‍ അധികാരത്തില്‍ വന്നശേഷം അഫ്ഗാന്‍ ചൈനയോട് നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ഇന്ത്യയ്‌ക്കെതിരെ ഒരു യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ താലിബാന്‍ മണ്ണ് ചൈനക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണ്. ഖത്തര്‍ ഭരണകൂടത്തിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.
ഇന്ത്യക്കും അമേരിക്കക്കും എതിരായ ഒരു നിലപാട് ഒരിക്കലും ഖത്തര്‍ ഭരണകൂടത്തിന് സ്വീകരിക്കാന്‍ കഴിയുകയില്ല. ഖത്തറിനെ പിണക്കി താലിബാനും മുന്നോട്ട് പോകാന്‍ കഴിയില്ല. അതാണ് നിലവിലെ അവസ്ഥ. ഇറാന്‍ അമേരിക്കക്ക് എതിരായ ഏതു നീക്കത്തെയും പിന്തുണക്കുമെങ്കിലും ഇന്ത്യക്കെതിരെ ചൈന തിരിഞ്ഞാല്‍ അത് ഇറാനെയും ധര്‍മസങ്കടത്തിലാക്കും. ഇറാനുമായി ഇപ്പോഴും നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. ചൈന വിരുദ്ധ ചേരിയിലാണ് ഇന്ത്യ നിലയുറപ്പിച്ചിരിക്കുന്നത്. റഷ്യയാകട്ടെ ചൈന- അമേരിക്ക സംഘര്‍ഷത്തില്‍ പരസ്യമായി ഇടപെടാനുള്ള സാധ്യത കുറവാണ്.
തെക്കന്‍ ചൈനക്കടല്‍, തായ്വാന്‍ വിഷയങ്ങളില്‍ അമേരിക്കയും ചൈനയും കടുത്ത ഭിന്നതയിലാണ്. തായ്വനെ ആക്രമിച്ചാല്‍ ഇടപെടുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഹോങ്കോങ്ങില്‍ അമേരിക്ക നടത്തുന്ന ഇടപെടലും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള ചൈനയുടെ ഉടക്കിലാണ് അമേരിക്കയുടെ പ്രതീക്ഷ. ഇന്ത്യ ഒപ്പമുണ്ടെങ്കില്‍ ചൈനീസ് ഭീഷണി ഒരു വിഷയമേ അല്ലെന്നതാണ് അമേരിക്കന്‍ നിലപാട്. ഇന്ത്യന്‍ സൈന്യം അമേരിക്കന്‍ സഖ്യകക്ഷികളുമായി സഹകരിക്കുന്ന ഒരു സാഹചര്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ തള്ളിക്കളയാന്‍ കഴിയുകയില്ല.
അതു കൊണ്ടു തന്നെ ചൈനയും ഇപ്പോള്‍ തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുമായി പരമാവധി ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് ചൈനയുടെ നീക്കം. റഷ്യയുടെ ഇന്ത്യ അനുകൂല നിലപാടും ചൈനയെ സംബന്ധിച്ച് പിന്നോട്ടടിപ്പിക്കുന്ന കാര്യമാണ്. ഇതിനെല്ലാം പുറമെ പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യ എന്നതും ചൈനീസ് ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ടാകും.
ഇന്ത്യയുമായി ഒരു ഏറ്റുമുട്ടലിനു തുനിഞ്ഞാല്‍ വലിയ നാശനഷ്ടം ചൈനയുടെ ഭാഗത്തും ഉറപ്പാണ്. സൈനിക ശേഷിയിലും ആയുധ ശേഖരത്തിലും വലിയ കുതിപ്പാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യ ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ ബോധ്യം പാക്കിസ്ഥാന് മാത്രമല്ല ചൈനക്കും നിലവിലുണ്ട്.