സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നാളെ വിധി പറയും.

തിരുവനതപുരം / സിസ്റ്റര്‍ അഭയ കൊലക്കേസില്‍ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ചൊവ്വാഴ്ച വിധി പറയും. 28 വര്‍ഷത്തിന് ശേഷമാണ് കേസിലെ അന്തിമ വിധി സി.ബി.ഐ പ്രത്യേക കോടതി നാളെ പ്രസ്താവിക്കുന്നത്. ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.1992 മാര്‍ച്ച് 27നാണ് 19 വയസ്സുകാരി സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോട്ടയം പയസ് ടെന്‍ത് കോണ്‍വന്‍റിലെ കിണറ്റില്‍ കണ്ടെത്തുന്നത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സംഭവം ആത്മഹത്യയെന്ന് എഴുതിത്തള്ളിയതിനെ തുടർന്ന്, 1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിനെ തുടർന്ന് കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. കൊലപാതകത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി ഉത്തരവിനെ തുടര്‍ന്ന് 2007ല്‍ സി.ബി.ഐയുടെ പുതിയ അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു.

2008 നവംബര്‍ 19ന് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് സി.ബി.ഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസിൽ സി.ബി.ഐയുടെ കുറ്റപത്രം. രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയലിനെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇതിനിടെ വെറുതെ വിട്ടു. 2019 ഓഗസ്റ്റ് 26ന് തുടങ്ങിയ വിചാരണയില്‍ 177 സാക്ഷികള്‍ ആകെ ഉണ്ടായിരുന്നെങ്കിലും 49 സാക്ഷികളെയാണ് വിസ്തരിക്കുന്നത്. പയസ് ടെണ്‍ത് കോണ്‍വെന്‍റിന് സമീപം താമസിക്കുന്ന സഞ്ജു പി മാത്യു, അഭയയുടെ മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള സാക്ഷികളുടെ കൂറുമാറ്റം സി.ബി.ഐയെ വെട്ടിലാക്കിയെങ്കിലും, കേസന്വേഷണത്തിൽ ലഭിച്ച നിർണായക തെളിവുകൾ സി ബി ഐ ക്ക് കരുത്തേകി. തോമസ് കോട്ടൂരിനെ കോണ്‍വെന്‍റില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെന്ന മോഷ്ടാവ് അടയ്ക്ക രാജുവിന്‍റെ മൊഴിയടക്കം സാക്ഷി വിസ്താരത്തില്‍ കേസിൽ നിര്ണായകമാവുകയായിരുന്നു.