Editor's ChoiceKerala NewsLatest NewsNationalNews

തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വാർഡ് സംവര നറുക്കെടുപ്പ് തിങ്കളാഴ്ച മുതൽ തുടങ്ങും.

തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വാർഡ് സംവര നറുക്കെടുപ്പ് തിങ്കളാഴ്ച മുതൽ തുടങ്ങും. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ആറ് വരെയാണ് വിവിധ കേന്ദ്രങ്ങളിൽ വെച്ച് നറുക്കെടുപ്പ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആദ്യം ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും പിന്നീട് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നറുക്കെടുപ്പാണ് നടക്കുക. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ വോട്ടർ പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ നടക്കും. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 5നാണ്. കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷൻ നറുക്കെടുപ്പ് സെപ്റ്റംബര്‍ 28നും, കൊച്ചി തൃശ്ശൂര്‍ കോര്‍പ്പറേഷനുകള്‍ക്ക് സെപ്റ്റംബര്‍ 30നും, തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകള്‍ക്ക് ഒക്ടോബര്‍ 6നുമാണ് നറുക്കെടുപ്പ്. ത്രിതല പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലാണ് നടത്തുക. മുനിസിപ്പാലിറ്റികളിലേത് നഗരകാര്യ ജോയിന്റ് ഡയറക്ടര്‍മാരും കോര്‍പ്പറേഷനുകളിലേത് നഗരകാര്യ ഡയറക്ടറുമാണ് നടത്തുക.
തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് വിഭാഗങ്ങൾക്കാണ് സംവരണം നിശ്ചയിക്കേണ്ടത്. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നിങ്ങനെയാണ് അഞ്ച് വിഭാഗങ്ങൾ. തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകള്‍ക്കുളള സംവരണം അമ്പത് ശതമാനമാണ്. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും ജനസംഖ്യാനുപാതികമായിട്ടാണ് സംവരണം ഏർപ്പെടുത്തുന്നത്. പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകളുടെ എണ്ണം പഞ്ചായത്ത് ഡയറക്ടറും മുനിസിപ്പാലിറ്റിയിലെയും കോര്‍പ്പറേഷനിലേയും സര്‍ക്കാരുമാണ് നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുളളത്.
സ്ത്രീകള്‍ക്കുളള സംവരണവാര്‍ഡുകളാണ് ആദ്യം നിശ്ചയിക്കുന്നത്. 2015 ല്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യാത്ത എല്ലാ വാര്‍ഡുകളും ഇപ്പോള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും. ആകെ വാര്‍ഡുകളുടെ എണ്ണം ഒറ്റസംഖ്യ വരുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഒരു സ്ത്രീ സംവരണ വാര്‍ഡിനുള്ള നറുക്കെടുപ്പ് വേണ്ടി വരും. നിലവിലെ സ്ത്രീ സംവരണ വാര്‍ഡുകളില്‍ 2010ലും സ്ത്രീ സംവരണമുണ്ടായിരുന്ന വാര്‍ഡുകളെ ഒഴിവാക്കിയാണ് ഇതിനായി നറുക്കെടുക്കുന്നത്.

സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്ന വാര്‍ഡുകളില്‍ നിന്നാണ് പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ എന്നിവര്‍ക്കുളള വാര്‍ഡുകള്‍ നിശ്ചയിക്കുന്നത്. 2010 ലോ 2015 ലോ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത വാര്‍ഡുകളെ ഒഴിവാക്കിയാണ് പട്ടികജാതി സ്ത്രീ സംവരണത്തിന് നറുക്കെടുക്കേണ്ടത്. പട്ടികവർഗ സ്ത്രീ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനും 2010-ലോ 2015-ലോ പട്ടികവർഗത്തിന് സംവരണം ചെയ്ത വാര്‍ഡുകളെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കണം.
സ്ത്രീ സംവരണം നിശ്ചയിച്ചതിന് ശേഷമുള്ള വാര്‍ഡുകളില്‍ നിന്നാണ് വേണം പട്ടികജാതി, പട്ടികവഗ സംവരണ വാര്‍ഡുകള്‍ നറുക്കെടുക്കേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. 2010 ലോ 2015 ലോ പട്ടികജാതിക്കോ പട്ടികവർഗത്തിനോ സംവരണം ചെയ്ത വാര്‍ഡുകളുണ്ടെങ്കില്‍ അവ അതാത് വിഭാഗത്തിന്റെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ വ്യക്തമാക്കി.

PRESS RELEASE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button