EducationKerala NewsLatest NewsNews

കാത്തിരിപ്പിന് വിരാമമായി; കുരുന്നുകള്‍ ക്ലാസിലെത്തി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വീടുകളില്‍ ഒതുങ്ങിക്കൂടേണ്ടി വന്ന കുരുന്നുകള്‍ ഇന്ന് വീണ്ടും ക്ലാസുകളിലെത്തി. 590 ദിനങ്ങള്‍ക്കു ശേഷമാണ് വിദ്യാലയങ്ങള്‍ തുറന്നത്. പിരിഞ്ഞിരുന്ന സഹപാഠികളെയും അധ്യാപകരെയും കണ്‍നിറയെ കാണാനും മാറിയ കാലമറിഞ്ഞുള്ള പഠനാനുഭവങ്ങളിലേക്കും അവര്‍ വീണ്ടുമെത്തുന്നു. അകലം പാലിച്ചും അടുപ്പമാകാം എന്ന കോവിഡ്കാല പാഠങ്ങള്‍ ഓര്‍ത്തുവെച്ച് വീണ്ടും അക്ഷരമുറ്റങ്ങള്‍ക്ക് ജീവന്‍ പകരും.

മാസ്‌കണിഞ്ഞും കൈകള്‍ ശുചീകരിച്ചും അകലം പാലിച്ചും പുതിയ സ്‌കൂള്‍ അനുഭവങ്ങളിലേക്കാണ് കുട്ടികളെത്തുന്നത്. ശുചീകരണവും അണുനശീകരണവും ഉള്‍പ്പെടെ ഒരു മാസത്തോളം നീണ്ട ഒരുക്കം പൂര്‍ത്തിയാക്കിയാണ് സ്‌കൂളുകള്‍ തുറക്കുന്നത്. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളും 10, പ്ലസ് ടു ക്ലാസുകളുമാണ് തിങ്കളാഴ്ച തുടങ്ങുന്നത്. എട്ട്, ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15ന് ആരംഭിക്കും. ഒന്നാം ക്ലാസിലെ 3,43,648 നവാഗതര്‍ ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ 34 ലക്ഷത്തോളം വിദ്യാര്‍ഥികളായിരിക്കും സംസ്ഥാന സിലബസിലുള്ള വിദ്യാലയങ്ങളില്‍ എത്തുക.

രണ്ടാം ക്ലാസിലെ 3.4 ലക്ഷം കുട്ടികള്‍ക്കും കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ തുറക്കാത്തതിനാല്‍ ഇന്ന് ആദ്യദിനമാണ്. ബാച്ചുകളായി തിരിച്ചുള്ള അധ്യയന രീതിയായതിനാല്‍ ആദ്യദിനം എല്ലാവരും എത്തില്ല. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ 40 ലക്ഷത്തോളം പേരായിരിക്കും എത്തുക.

സര്‍ക്കാറിന്റെ പൊതുമാര്‍ഗരേഖ അനുസരിച്ചായിരിക്കും സ്‌കൂളുകളുടെ പ്രവര്‍ത്തനം. സംസ്ഥാന, ജില്ല, സ്‌കൂള്‍ തലങ്ങളില്‍ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടണ്‍ഹില്‍ യുപി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല. ആദ്യ രണ്ടാഴ്ച ഹാജര്‍ എടുക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button