കാത്തിരിപ്പിന് അവസാനം ഐഫോൺ 17 ലോഞ്ച് തീയതി പുറത്തുവിട്ടു

ഐഫോൺ 17 ൻ്റെ ലോഞ്ച് തീയ്യതി ഔദ്യോഗികമായി സ്‌ഥിരീകരിച്ച് ആപ്പിൾ. 2025 സെപ്റ്റംബർ 9 ന് കലിഫോർണിയയിലെ കുപ്പോർട്ടിനോയിലെ സ്‌റ്റീവ് ജോബ്‌സ് തിയറ്ററിൽ വെച്ചായിരിക്കും അവതരണം. ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, പുതിയ ഐഫോൺ 17 എയർ എന്നിവ ഉൾപ്പെടുന്ന പുതിയ സീരീസിനായാണ് ടെക് ലോകം ആകാംക്ഷകളോടെ കാത്തിരിക്കുന്നത്. ഡിസൈനിലെ മാറ്റങ്ങൾ ഉൾപ്പെടെ വലിയ മാറ്റങ്ങൾ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷ. പെർഫോമൻസ് അപ്ഗ്രേഡുകളും എത്തുന്നുണ്ട്.നാലു പുതിയ മോഡലുകളാണ് ഐഫോൺ 17 സീരീസിലുള്ളത്. ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ 17 എയർ. ഇക്കുട്ടത്തിൽ ഐഫോൺ 17 എയർ ആപ്പിളിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോണായിരിക്കാമെന്നാണ് കരുതുന്നത്. 5 മുതൽ 6 മില്ലീമീറ്റർ വരെ കനമേ ഇതിനുണ്ടാകു. 6.5 ഇഞ്ച് സ്ക്രീനാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഐഫോൺ 17 എയറിന്റെ ബാറ്ററിയിലും പിൻ ക്യാമറയിലും ആപ്പിൾ വിട്ടുവീഴ്‌ചകൾ ചെയ്‌തിട്ടുണ്ടാകാം എന്ന റിപ്പോർട്ടുകളുമുണ്ട്.എല്ലാ പുതിയ മോഡലുകളിലും 120Hz ഡിസ്പ്ലേ ഉണ്ടാകുമെന്നാണ് കരുതുന്നത്. iOS 26 ലായിരിക്കും സീരീസ് എത്തുക.

പുതിയ ‘ലിക്വിഡ് ഗ്ലാസ്’ ഡിസൈനാണ് പ്രതീക്ഷിക്കുന്നത്. വേഗതയേറിയ A19 ചിപ്പുകളും പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ട്. ഫ്ലാറ്റ് -എഡ്‌ജ് ഡിസൈനിലായിരിക്കും സീരീസ് എത്തുക എന്നും അഭ്യൂഹങ്ങളുണ്ട്. പ്രോ മോഡലുകളിൽ പുതിയ ടൈറ്റാനിയം ബിൽഡ് ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇത് ഗാഡ്ജെറ്റിനെ കൂടുതൽ കരുത്തുള്ളതും അതേസമയം ഭാരം കുറഞ്ഞതുമാക്കും.24MP സെൽഫി ക്യാമറയാണ് എല്ലാ മോഡലുകളിലും പ്രതീക്ഷിക്കുന്നത്. ഐഫോൺ 17 പ്രോയിലും പ്രോ മാക്സിലും മെച്ചപ്പെട്ട ഒപ്റ്റിക്കൽ സും, മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രാഫി, 8K വിഡിയോ ക്വാളിറ്റി എന്നിവയുള്ള പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. സ്‌റ്റാൻഡേർഡ് മോഡലുകളിലും മികച്ച അപ്‌ഗ്രേഡുകളുണ്ടാകാം.
മാത്രമല്ല മെസേജുകളിൽ മികച്ച ഗ്രൂപ്പ് ചാറ്റ് ഓപ്ഷനുകൾ, കൂടുതൽ ലളിതമായ ഫോട്ടോസ് ആപ്ലിക്കേഷൻ, സിരിയുടെ മെച്ചപ്പെടുത്തിയ സേവനങ്ങൾ, ക്യാമറ ഇന്റലിജൻസ് എന്നിവയും ഐഫോൺ 17 വാഗ്ദാനം ചെയ്യുന്നുണ്ട്.ആഗോളതലത്തിൽ അനാച്‌ഛാദനം ചെയ്ത‌് പത്ത് ദിവസങ്ങൾക്ക് ശേഷം 2025 സെപ്റ്റംബർ 19 ന് ഐഫോൺ 17 ഇന്ത്യയിലെ വിൽപ്പന ആരംഭിക്കും. സെപ്റ്റംബർ 12 ന് പ്രീ-ഓർഡറുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഐഫോൺ 17 ൻ്റെ വില ആപ്പിൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഐഫോൺ 17 ന്റെ പ്രാരംഭ വില ഏകദേശം 79,900 രൂപ ആയിരിക്കുമെന്നും ഐഫോൺ 17 പ്രോയുടെ വില 1,29,900 രൂപ കടക്കുമെന്നും വിദഗ്‌ധർ കണക്കുകുട്ടുന്നു. അതേസമയം, ഐഫോൺ 17 എയറിന് മറ്റുമോഡലുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ആപ്പിളിന്റെ നിർണായക വിപണികളിൽ ഒന്നായി ഉയർന്നുവരുന്ന സാഹചര്യത്തിൽ ലോഞ്ച് തീയ്യതി അടുക്കുന്നത് ആപ്പിൾ പ്രേമികളിൽ ആവേശവും ആകാംക്ഷയും വർധിപ്പിച്ചിട്ടുണ്ട്