വാളയാർ കേസ് ഇനി നിശാന്തിനി ഐപിഎസിന്റെ നേതൃത്വത്തിൽ അന്വേഷിക്കും.

പാലക്കാട്/ കേസന്വേഷണത്തിന്റെ കാര്യത്തിൽ കേരള പോലീസിന് താങ്ങാനാവാത്ത അപമാനവും, ചീത്തപ്പേരും ഉണ്ടാക്കിയതിലൂടെ, വിവാദമായ വാളയാർ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചു. നിശാന്തിനി ഐപിഎസിനാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. പാലക്കാട് ക്രൈംബ്രാഞ്ച് എസ്‍പി എ.എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവർ അന്വേഷണ സംഘത്തിലുണ്ട്. വാളയാർ കേസിന്റെ തുടരന്വേഷണത്തിന് അനുമതി തേടി ബുധനാഴ്ച പാലക്കാട് പോക്സോ കോടതിയിൽ സംഘം അപേക്ഷ നൽകുന്നുണ്ട്.
ഹൈക്കോടതി വിധിക്ക് പിറകെ മുഖ്യമന്ത്രി പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയായിരുന്നു. പുതിയ അന്വേഷണ സംഘത്തെ സ്വാഗതം ചെയ്യുന്നുവെന്നും, അതേസമയം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നതാണ് ആവശ്യമെന്നും വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചിട്ടുണ്ട്.
പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരായ പെണ്‍കുട്ടികളെ വാളയാറില്‍ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്ന കേസിൽ പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരായിരുന്നു പ്രതികള്‍. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇതില്‍ പ്രദീപ് കുമാര്‍ പിന്നീട് ആത്മഹത്യ ചെയ്തു. 2017 ജനുവരിയിലും മാര്‍ച്ചിലുമായി തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടികളെ കണ്ടെത്തുകയായിരുന്നു.
കേസിൽ വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോക്‌സോ കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടതോടെയാണ് വാളയാർ സംഭവം വിവാദങ്ങൾക്ക് വഴിയൊരുക്കുന്നത്.കേസുമായി ബന്ധപെട്ടു വിചാരണ കോടതിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസില്‍ പുനര്‍ വിചാരണ വേണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെയും മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീല്‍ പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ് ഉണ്ടാവുന്നത്. കേസില്‍ പുനര്‍ വിചാരണ നടത്താന്‍ പോക്‌സോ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയുണ്ടായി. തുടർന്നാണ് അന്വേഷണത്തിനായി പുതിയ സംഘത്തെ രൂപീകരിച്ചത്. എന്നാൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ ഇരകളുടെ കുടുംബം സംതൃപ്തരല്ല. സി ബി ഐ അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നത്.