കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്; ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധന

കോഴിക്കോട്: പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 760 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപന തോത് വർധിച്ച സാഹചര്യത്തിൽ മാർക്കറ്റ് താത്കാലികമായി അടച്ചിടും. പാളയം മാർക്കറ്റിലുണ്ടായ പോസിറ്റീവ് കേസുകളുടെ വർധന മൂലം ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. പോർട്ടർമാരും കച്ചവടക്കാരും മാർക്കറ്റിലെ തൊഴിലാളികൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലയിൽ 394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 383 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. കഴിഞ്ഞ ആഴ്ച സെൻട്രൽ മാർക്കറ്റിലും 113 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ മാർക്കറ്റ് അടച്ചിരുന്നു.
ബുധനാഴ്ച തലസ്ഥാനത്ത് 20 പോലീസുകാർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ 14 പോലീസുകാർക്കും തുമ്പ സ്റ്റേഷനിലെ ആറു പോലീസുകാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ആറുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തുമ്പ സ്റ്റേഷനിലെ രോഗബാധിതരുടെ എണ്ണം 17 ആയി. കോവിഡ് വ്യാപനത്തിൽ ഏറ്റവും കൂടുതൽ ആശങ്ക പോലീസുകാർക്ക് രോഗം കൂടുതലായി ഉണ്ടാകുന്നു എന്നതാണ്.