അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ അനുജൻ ജ്യേഷ്ഠനെ കൊലപ്പെടുത്തി കുഴിച്ചുമൂടി; സംഭവം പുറത്തായത് രണ്ടര വർഷത്തിന് ശേഷം
കൊല്ലം: രണ്ടര വർഷം മുമ്പ് അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ ഏരൂരിൽ അനുജൻ ജ്യേഷ്ഠനെ കൊലപ്പെടുത്തി വീടിനടുത്തുള്ള പറമ്പിൽ കുഴിച്ചിട്ടു. കുടുംബ വഴക്കിനെ തുടർന്നാണ് കുറ്റകൃത്യം നടത്തിയത് എന്നാണ് സൂചന.
ഏരൂർ സ്വദേശിയായ ഷാജി പീറ്ററി(44)നെയാണ് അനുജൻ സജിൻ പീറ്റർ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 2018 ഓഗസ്റ്റിൽ നടന്ന കൊലപാതകം പുറത്തറിയുന്നത് രണ്ടര വർഷത്തിന് ശേഷം ഇപ്പോൾ. സംഭവത്തിൽ സജിൻ പീറ്റർ, അമ്മ പൊന്നമ്മ, ഭാര്യ ആര്യ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അവിവാഹിതനായ ഷാജി പീറ്റർ വീട്ടിൽനിന്ന് അകന്നു കഴിയുകയായിരുന്നു. 2018-ലെ ഓണക്കാലത്താണ് ഇയാൾ കുടുംബവീട്ടിൽ മടങ്ങിയെത്തിയത്. ഇതിനിടെ സജിനുമായി വഴക്കുണ്ടാകുകയും, ഇതിനിടയിൽ സജിൻ പീറ്റർ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം.
മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഷാജി കൊല്ലപ്പെട്ട വിവരം ഇവർ പുറത്ത് പറഞ്ഞിരുന്നില്ല. അന്വേഷിച്ചവരോട് ഷാജി മലപ്പുറത്ത് ജോലി ചെയ്യുകയാണെന്ന് പറഞ്ഞു.
ഈയിടെ സംശയം തോന്നിയ ഒരു ബന്ധു സംഭവത്തെക്കുറിച്ച് പോലീസിന് വിവരം നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും ഷാജി പീറ്ററെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയുമായിരുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വിദഗ്ധ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ നാളെ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. ഇതിനുശേഷം മാത്രമേ കേസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിടുകയുള്ളൂ