തിയേറ്ററുകൾ തുറന്നു: സിനിമകൾ പ്രദർശിപ്പിച്ചത് ഒഴിഞ്ഞ സീറ്റുകൾക്ക് മുന്നിൽ

അൺലോക്ക് അഞ്ചാംഘട്ടത്തിൻ്റെ ഭാഗമായി രാജ്യത്ത് തിയേറ്ററുകൾ തുറന്നു. ഏഴ് മാസങ്ങൾക്ക് ശേഷമാണ് തീയറ്ററുകൾ
തുറന്നത്. കർണാടക, പശ്ചിമബംഗാൾ, ഡൽഹി, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ മാത്രമാണ് തീയറ്ററുകൾ തുറന്നത്.
തീയറ്ററുകൾ തുറന്നു എങ്കിലും ആളുകൾ തിയേറ്ററുകളിലേക്കെത്താൾ വിമുഖത കാട്ടുന്നുണ്ട്. പലയിടങ്ങളിലും ആളൊഴിഞ്ഞ തീയറ്ററിലാണ് പ്രദർശനം നടത്തിയത്. ചില തീയറ്ററുകളിൽ വിരലിൽ എണ്ണാവുന്നവർ മാത്രമേ എത്തിയുള്ളൂ. ഈ ആഴ്ച തീയറ്ററുകളിൽ പുതിയ സിനിമകൾ റിലീസ് ചെയ്യില്ല. തീയറ്റർ തുറന്നാൽ റീറിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന നരേന്ദ്രമോദിയും റിലീസ് ചെയ്തിട്ടില്ല.
തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രാലയം വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ പുറപ്പടി വച്ചിരുന്നു..സീറ്റിങ് കപ്പാസിറ്റിയുടെ അമ്പത് ശതമാനം മാത്രമാണ് ആളുകൾക്ക് അനുവദിച്ചിട്ടുള്ളത്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ ഷോ സമയക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. തീയറ്ററിൽ പ്രവേശിക്കാൻ മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. സാമൂഹ്യ അകലം കർശനമായി പാലിക്കണം. തെർമൽ സ്കാനിങ് നടത്തിയതിനു ശേഷമേ ആൾക്കാരെ തീയറ്ററിനുള്ളിൽ പ്രവേശിപ്പിക്കൂ. തീയറ്ററിനുള്ളിൽ വിൽക്കുന്ന ഭക്ഷണം അൾട്രാവയലറ്റ് കിരണം ഉപയോഗിച്ച് അണുവിമുക്തമാക്കണം. ജീവനക്കാർക്ക് പിപിഇ കിറ്റുകൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
അതേ സമയം കേരളം, തമിഴ്നാട്, തെലങ്കാന തുടങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും തീയറ്ററുകൾ അടഞ്ഞുകിടക്കുകയാണ്.