ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു, കേരളത്തില്‍ മേയ് 26 വരെ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇന്നു രാവിലെ 8.30 ഓടുകൂടിയാണ് ന്യൂനമര്‍ദം രൂപപ്പെട്ടതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ രാവിലെയോടെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്. മേയ് 24-ഓടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും തുടര്‍ന്ന് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ട്. ഒമാന്‍ നിര്‍ദേശിച്ച ‘യാസ്’ എന്ന പേരിലാണ് ഈ ചുഴലിക്കാറ്റ് അറിയപ്പെടുക.
ന്യൂനമര്‍ദം വടക്കു പടിഞ്ഞാറ് സഞ്ചരിച്ചു ശക്തിപ്രാപിച്ചു മേയ് 24ന് ചുഴലിക്കാറ്റായി മാറാനും തുടര്‍ന്ന് വടക്കു പടിഞ്ഞാറ് സഞ്ചരിച്ച് തീവ്രതയേറി ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തു മേയ് 26ന് രാവിലെ എത്താന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രൂപപ്പെട്ട പുതിയ ന്യൂനമര്‍ദം കേരളത്തിലേക്ക് കാലവര്‍ഷം വേഗത്തില്‍ എത്തുന്നതിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ അധികൃതര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ മുന്നൊരുക്കങ്ങളും നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് 26 ന് യാസ് ചുഴലിക്കാറ്റ് തീരം തൊട്ടേക്കാമെന്നും മുന്‍കരുതല്‍ വേണമെന്നുമാണ് ഒഡിഷയ്ക്കും പശ്ചിമ ബംഗാളിനും കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മേയ് 25 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അറബിക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശമുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.