കടകളില്‍ പിപിഇ കിറ്റ് ധരിച്ചെത്തി മോഷണം
കോവിഡ് മഹാമാരിക്കിടയിലും മോഷണം തുടര്‍കഥയാവുകയാണ്. പിപിഇ കിറ്റ് ധരിച്ചെത്തി മോഷണം നടത്തുന്ന രീതികളും ഇപ്പോള്‍ റിപ്പോട്ട് ചെയ്യുകയാണ്.
എരുപ്പെട്ടിയിലെ വെള്ളറക്കാട്, പന്നിത്തടം പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലും കവര്‍ച്ച. മോഷ്ടാക്കള്‍ പിപിഇ കിറ്റ് പോലുള്ള വേഷം ധരിച്ചെത്തിയാണ് കവര്‍ച്ച നടത്തിയത്. പന്നിത്തടത്തെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്, വെള്ളറക്കാടുള്ള പാദുവ മെഡിക്കല്‍ ഷോപ്പ്, എസ്ആര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, അല്‍ഷിഫാ മെഡിക്കല്‍ ഷോപ്പ് എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. മോഷണത്തില്‍ അര ലക്ഷത്തില്‍പരം രൂപയും ഭക്ഷ്യ വസ്തുക്കളും നഷ്ടപ്പെട്ടു.
സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ മോഷ്ടാക്കള്‍ സ്റ്റീല്‍ അലമാരയുടെ പൂട്ടുകള്‍ തകര്‍ത്ത് ഇവിടെ സൂക്ഷിച്ചിരുന്ന അര ലക്ഷത്തോളം രൂപയും മേശ വലിപ്പമുണ്ടായിരുന്ന 1000 രൂപയുടെ ചില്ലറ നാണയങ്ങളും കവര്‍ന്നു. പാദുവ മെഡിക്കല്‍ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്ത് അകത്തു കയറി ഇവിടെ സൂക്ഷിച്ചിരുന്ന 10,000 ല്‍പരം രൂപ കവര്‍ന്നു. ഇവിടെ മേശയും മറ്റും വാരിവലിച്ചിട്ട് തിരച്ചില്‍ നടത്തിയ നിലയിലാണ്. എല്ലാ സ്ഥലത്തും ഷട്ടറുകളുടെ പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്.
അല്‍ഷിഫാ മെഡിക്കല്‍ ഷോപ്പില്‍ മേശയിലുണ്ടായിരുന്ന ചെക്ക് ബുക്ക് കവര്‍ന്നു. എസ്ആര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഭക്ഷ്യ വസ്തുക്കളാണ് കവര്‍ന്നിട്ടുള്ളത്. വ്യാപാര സ്ഥാപനങ്ങളുടെയും സമീപത്തെ എടിഎമ്മുകളുടെയും സിസി ക്യാമറകളില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും കവര്‍ച്ച നടന്ന സ്ഥലങ്ങളിലെത്തി തെളിവുകള്‍ ശേഖരിച്ചു.