മെഹ്ബൂബ മുഫ്തിയുടെ പ്രകോപന പരമായ പരാമർശം: മൂന്ന് നേതാക്കൾ രാജിവെച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാതെ ഇനി ദേശീയ പതാക ഉയർത്തില്ല എന്നതുൾപ്പടെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അടുത്തിടെ നടത്തിയ പ്രകോപനപരമായ പരാമർശങ്ങളിൽ പ്രതിഷേധം വ്യാപകം. പ്രതിഷേധ ഭാഗമായി മെഹ്ബൂബയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) യിൽ നിന്ന് മൂന്ന് നേതാക്കൾ രാജിവച്ചു. ടി.എസ് ബജ്വ, വേദ് മഹാജൻ, ഹുസൈൻ എ വഫ എന്നിവരാണ് പിഡിപിയിൽനിന്ന് രാജിവച്ചത്.പാർട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തിക്ക് മൂവരും രാജിക്കത്ത് അയച്ചു.
പരാമർശങ്ങൾ തങ്ങളുടെ ദേശസ്നേഹത്തെ മുറിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. മെഹ്ബൂബയുടെ ചില നടപടികളോടും ദേശസ്നേഹത്തെ മുറിവേൽപ്പിക്കുന്ന പരാമർശങ്ങളോടും യോജിക്കാൻ കഴിയുന്നില്ലെന്ന് രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര സർക്കാർ കവർന്നെടുത്ത കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ പുനഃസ്ഥാപിക്കാത്തപക്ഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ ദേശീയ പതാക ഉയർത്തുന്നതിനോ തനിക്ക് താത്പര്യമില്ലെന്ന് അവർ അടുത്തിടെ പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിനെ കൊള്ളക്കാരെന്ന് വിശേഷിപ്പിച്ച അവർ ജമ്മു കശ്മീരിന്റെ പഴയ പതാക പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ മെഹ്ബൂബ അടക്കമുള്ള നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. പൊതുസുരക്ഷാ നിയമപ്രകാരം ആയിരുന്നു നടപടി. 14 മാസം വീട്ടുതടങ്കലിൽ കഴിഞ്ഞ മെഹ്ബൂബയെ അടുത്തിടെയാണ് മോചിപ്പിച്ചത്.അതേ സമയം മെഹ്ബൂബ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ബിജെപി കശ്മീരിൽ പതാകാ മാർച്ച് നടത്തിയിരുന്നു. ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളിൽ ദേശീയ പതാകയും വഹിച്ചായിരുന്നു ബിജെപിയുടെ മാർച്ച്.