രാജ്യത്ത് 2,24,301 ആരോഗ്യ പ്രവർത്തകർ കൊവിഡ് വാക്സിൻ സ്വീകരിച്ചു, 447 പേർക്ക് ചെറിയ പാർശ്വഫലങ്ങൾ

ന്യൂഡൽഹി /മഹാമാരിയെ തളക്കാനുള്ള യത്നത്തിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ 2,24,301 ആരോഗ്യ പ്രവർത്തകർ കൊവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യ ദിവസം 2.07 ലക്ഷത്തിലേറെ പേർക്കാണ് വാക്സിൻ നൽകിയത്. ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് വാക്സിൻ നൽകിയതിന്റെ റെക്കോഡ് ഇതോടെ ഇന്ത്യയ്ക്കായിയിരിക്കുകയാണ്. വാക്സിൻ സ്വീകരിച്ചവരിൽ 447 പേർക്ക് ചെറിയ പാർശ്വഫലങ്ങളുണ്ടായാതായി ആരോഗ്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറി മനോഹർ അഗ്നാനി ന്യൂഡൽഹിയിൽ പറഞ്ഞു.
പനി, തലവേദന, മനംപിരട്ടൽ തുടങ്ങിയ പാർശ്വഫലങ്ങളാണ് 447 പേരിൽ കാണാനായത്. ഇക്കാര്യത്തിൽ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നതിൽ രണ്ടു പേരെ ഡിസ്ചാർജ് ചെയ്തു. ഞായറാഴ്ച ആറു സംസ്ഥാനങ്ങൾ മാത്രമാണ് വാക്സിനേഷൻ നടത്തിയത്. 553 കേന്ദ്രങ്ങളിലായി 17,702 പേർക്ക് ഞായറാഴ്ച വാക്സിൻ നൽകി. കേരളം, ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, കർണാടക, മണിപ്പുർ, തമിഴ്നാട് എന്നിവിടങ്ങളിലാണ് വാക്സിനേഷൻ നടന്നത്.
ആദ്യ ദിവസം ഏറ്റവും കൂടുതൽ ആളുകൾ വാക്സിൻ എടുത്തത് ഉത്തർപ്രദേശിലാണ്. ഇരുപതിനായിരത്തിലേറെ പേർ അവിടെ വാക്സിൻ സ്വീകരിച്ചു. ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലും ബിഹാറിലും പതിനെണ്ണായിരത്തിലേറെ പേർ വീതമാണ് വാക്സിൻ എടുത്തത്. ഒഡിഷയിലും കർണാടകയിലും 13,000ൽ ഏറെ പേർക്ക് ആദ്യ ദിവസം വാക്സിനേഷൻ നടത്തുകയുണ്ടായി.
വാക്സിനേഷൻ ദൗത്യം വിലയിരുത്താൻ ഇന്നലെ സംസ്ഥാനങ്ങളിൽ യോഗങ്ങൾ നടന്നുവെന്നും അഗ്നാനി പറഞ്ഞു. പ്രശ്നങ്ങൾ വിലയിരുത്തി തിരുത്തൽ നടപടികൾ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശനിയാഴ്ച രാജ്യത്തെ കൊവിഡ് വാക്സിനേഷൻ ഉദ്ഘാടനം ചെയ്തത്. ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന ഓക്സ്ഫഡ് വാക്സിൻ കൊവിഷീൽഡ് എന്നിവയാണ് ഇന്ത്യയിൽ ആദ്യ ഘട്ടമായി ആരോഗ്യ പ്രവർത്തകർക്കു വിതരണം ചെയ്യുന്നത്. പതിനൊന്നു സംസ്ഥാനങ്ങളിൽ രണ്ടു വാക്സിനുകളും വിതരണം ചെയ്യുന്നുണ്ട്.