‘ഇരന്നുവാങ്ങുന്നത് ശീലമായിപ്പോയി’; ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ പി. ജയരാജന്റെ മകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു

കണ്ണൂർ : കണ്ണൂർ കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഐ (എം) നേതാവ് പി. ജയരാജന്റെ മകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. ‘ഇരന്നുവാങ്ങുന്നത് ശീലമായിപ്പോയി’ എന്ന ഒറ്റവരി മാത്രമാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുള്ളത്.
ഇതിന് മുമ്ബ് പങ്കുവെച്ച പോസ്റ്റിൽ, പുല്ലൂക്കരയിൽ ഇന്നലെ നടന്നത് എന്ന അടിക്കുറിപ്പോടെ, ലീഗ് അക്രമത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റ വാർത്ത കൊടുത്തിട്ടുണ്ട്. ഈ വാർത്തയുടെ പത്രകട്ടിങ് സഹിതമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് കൂത്തുപറമ്ബ് പുല്ലൂക്കരയിൽ പാറാൽ മൻസൂറിന് നേർക്ക് ആക്രമണം ഉണ്ടായത്. സഹോദരൻ മുഹസിനും വെട്ടേറ്റിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ഇരുവരേയും വെട്ടുകയായിരുന്നു. അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു.