കെ എസ് സി ബിയിൽ ജീവനകാർക്ക് ക്ഷാമം രൂക്ഷം; വൈദ്യുതി അപകടങ്ങളും കൂടുന്നു തടയാൻ ജീവനക്കാർ കുറവ്

തിരുവനന്തപുരം : വൈദ്യൂതി അപകടങ്ങൾ കേരളത്തിൽ കൂടുന്ന സാഹചര്യത്തിൽ മരണങ്ങൾ തുടർകഥയാക്കുമ്പോൾ തീരുമാനമെടുക്കേണ്ട ചുമതലകൾ നടപ്പാക്കേണ്ട തസ്‌തികകളിലും ആളില്ലാതെ കെഎസ്ഇബി. ആവശ്യ ത്തിന് ഉപകരണങ്ങളുമില്ല. വൈദ്യുതി അപകടങ്ങളും മരണങ്ങളും തുടരുമ്പോൾ അതിനു തടയിടാൻ കെഎസ്ഇബിക്കു കഴിയുന്നില്ലെന്നാണു പരാതി.
12 വർഷമായി സ്‌ഥിരം നിയമനങ്ങൾ നടക്കാതെ ഫീൽഡ് ജീവനക്കാരുടെ എണ്ണം കാര്യമായി കുറഞ്ഞു. 30,321 പേർവേണ്ട സ്ഥാനത്ത് ഇപ്പോഴുള്ളത് ഏകദേശം 24,000 ജീവനക്കാർ. കഴി ഞ്ഞ 3 വർഷത്തിനിടെ വിരമിച്ചത് 4500ൽ അധികം പേർ. ജീവനക്കാരുടെ പുനഃസംഘടനയ്ക്കായി തയാറാക്കിയ സ്പെഷൽ റൂൾ സർക്കാരിന്റെ പരിഗണനയിലിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതു നിയമന നിരോധനത്തിനും കാരണമായി.3 വർഷമായി സ്‌ഥിരം ഡയറക്‌ടർമാരുടെ തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു. 4 ടെക്നിക്കൽ തസ്‌തികകളിൽ ഒരെണ്ണത്തിൽ മാത്രമാണ് സ്ഥിരം ഡയറക്ടറുള്ളത്. അപകടങ്ങളുണ്ടാകുമ്പോൾ അടിയന്തരമായി പരിഹാരം കാണേണ്ട വിതരണ വിഭാഗം ഡയറക്‌ടറുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്‌ഥൻ മേയിൽ വിരമിച്ചു. പകരം നിയമനം നൽകാതെ മറ്റൊരു ഡയറക്ടർക്ക് അധികച്ചുമതല നൽകി. ഡയറക്‌ടർ തസ്‌തികയി ലെ നിയമനത്തിനെതിരെ ഹൈക്കോടതിയിൽ നൽകിയ കേസിൽ സർക്കാർ സത്യവാങ്‌മൂലം നൽകാൻ പോലും തയാറായിട്ടില്ല.
45 എക്സിക്യൂട്ടീവ് എൻജിനീയർമാർ, 60 അസിസ്‌റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർമാർ, നൂറിലധികം അസിസ്റ്റന്റ് എൻജിനീയർമാർ നാലായിരത്തോളം വർക്മെൻ എന്നിങ്ങനെ സർക്കിൾ, സെക്ഷൻ തലങ്ങളിൽ അടിയന്തര തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യേണ്ട തസ്തികകളിലെല്ലാം ആൾക്ഷാമം രൂക്ഷമായി.