കേരളത്തിൽ മത്സ്യ ലഭ്യത കുറവ്.ഏറ്റവും കൂടുതൽ ലഭ്യത മത്തിക്ക്

കൊച്ചി: കഴിഞ്ഞവർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 34.7 ലക്ഷം ടൺ മത്സ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) വാർഷിക പഠന റിപ്പോർട്ട്. മുൻ വർഷത്തേക്കാൾ രാജ്യത്താകെ രണ്ട് ശതമാനവും കേരളത്തിൽ നാല് ശതമാനവും മത്സ്യലഭ്യത കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരളം 6.10 ലക്ഷം ടണ്ണുമായി മത്സ്യലഭ്യതയിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. 7.54 ലക്ഷം ടൺ മീൻ പിടിച്ച ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. തമിഴ്‌നാടിനാണ് (6.79 ലക്ഷം ടൺ) രണ്ടാം സ്ഥാനം.ദേശീയ തലത്തിൽ കുറഞ്ഞെങ്കിലും കേരളത്തിൽ മത്തിയുടെ ലഭ്യത 7.9 ശതമാനം വർധിച്ചു. കഴിഞ്ഞതവണ കൂടുതൽ ലഭിച്ച മത്സ്യവും മത്തിയാണ് 1.49 ലക്ഷം ടൺ. എന്നാൽ, രാജ്യത്താകെ കൂടുതൽ ലഭിച്ചത് അയലയാണ് 2.63 ലക്ഷം ടൺ. മത്തി കഴിഞ്ഞാൽ, അയല (61,490 ടൺ), ചെമ്മീൻ (44,630 ടൺ), കൊഴുവ (44,440 ടൺ), കിളിമീൻ (33,890 ടൺ) എന്നിങ്ങനെയാണ് കേരളത്തിൽ കഴിഞ്ഞവർഷം കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ.കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യതയിൽ അസാധാരണമാം വിധം ഏറ്റക്കുറച്ചുലുണ്ടായ വർഷമാണ് 2024. കഴിഞ്ഞ വർഷത്തെ ആദ്യമാസങ്ങളിൽ വളരെ കുറവായിരുന്നു മത്തി. വില കിലോക്ക് 400 രൂപവരെ എത്തി. എന്നാൽ സെപ്തംബർ ഡിസംബർ മാസങ്ങളിൽ ഒരു ലക്ഷം ടണ്ണിലേറെ മത്തി ലഭ്യമായി. വില കിലോക്ക് 20-30 വരെ കുറഞ്ഞു.മുൻ വർഷത്തെ അപേക്ഷിച്ച്, 2024ൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ മീൻ ലഭ്യത കുറഞ്ഞു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ വർധിച്ചു. രാജ്യത്ത് മീൻപിടുത്തത്തിന് പുറപ്പെടുന്ന രണ്ടരലക്ഷം മത്സ്യബന്ധന ട്രിപ്പുകൾ പഠനത്തിനായി നിരീക്ഷിച്ചു.