രാജ്യത്തെ ഏറ്റവും വലിയ മദ്യ കമ്പനിയുടെ തലപ്പത്ത് ആദ്യമായി ഒരു വനിത.

ന്യൂഡൽഹി/ വിജയ് മല്യ ഉൾപ്പെടെയുള്ള മദ്യ രാജാക്കന്മാർ അടക്കി ഭരിച്ചിരുന്ന ഇന്ത്യയിലെ മദ്യ വ്യവസായ രംഗത്തെ പ്രമുഖ കമ്പനിയുടെ തലപ്പത്തേക്ക് ഒരു വനിത. ആന്റിക്വിറ്റി, റോയൽ ചാലഞ്ച്, സിഗ്നേച്ചർ തുടങ്ങിയ ബ്രാൻഡുകൾ ഉത്പാദിപ്പിക്കുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് കമ്പനിയുടെ തലപ്പത്താണ് ആദ്യമായി ഒരു വനിത കരുത്ത് തെളിയിക്കാൻ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലുതും, ലോകത്തിലെ രണ്ടാമത്തെ വലിയ കമ്പനി കൂടിയായ യുഎസ്എല്ലിന്റെ സിഇഒ ആയിട്ടാണ് ഹിന നാഗരാജൻ സ്ഥാനമേറ്റിരിക്കുന്നത്. ജോണി വാക്കറും ടാലിസ്ക്കറും ഒക്കെ ഉത്പാദിപ്പിക്കുന്ന ഡിയാഗോ ആഫ്രിക്കയുടെ മാനേജിങ് ഡയറക്റ്റർ ആയിരുന്ന ഹിന,കോസ്മെറ്റിക്സ് ബിസിനസിന്റെ തലപ്പത്ത് നിന്നാണ് വ്യത്യസ്തമായ മദ്യവ്യവസായ രംഗത്തേക്ക് എത്തുന്നത്. ഇപ്പോൾ 28,500 കോടി രൂപയിൽ അധികം വിറ്റുവരവുള്ള സ്ഥാപനത്തെ ആത്മവിശ്വാസത്തോടെ നയിക്കാനുള്ള തയാറെടുപ്പിലാണ് അവർ. ജൂലൈയോടെ ആയിരിക്കും എംഡിയും സിഇഒയും ആയി നിയമനം. ആദ്യമായാണ് യുനൈറ്റഡ് സ്പിരിറ്റ്സിലേക്ക് ഒരു വനിത എന്നത് ഇത്തിരി ആകാംക്ഷയോടെയാണ് കോർപ്പറേറ്റ് ലോകം ഉറ്റുനോക്കുന്നത്. ഐഐഎം അഹമ്മദാബാദിൽ നിന്ന് എംബിഎ നേടിയ ഹീന ബിസിനസ് മാനേജ്മെന്റിൽ ഓണേഴ്സ് ഡിഗ്രി ഉൾപ്പെടെ നേടിയിട്ടുണ്ട്. മദ്യവ്യവസായ രംഗത്ത് പ്രവർത്തി പരിചയവും ഉണ്ട്.