”മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവ് ഈ സർക്കാരിന്റെ കാലയളവിൽ ഉണ്ടാകില്ല”; മുഖ്യമന്ത്രി
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവ് ഈ സർക്കാരിന്റെ കാലയളവിൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പളം ഉയർത്താനുള്ള നീക്കങ്ങൾക്ക് മന്ത്രിസഭാ യോഗത്തിൽ തന്നെ മുഖ്യമന്ത്രി വിലക്ക് ഏർപ്പെടുത്തി. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്നതിനാൽ ശമ്പള വർധനവ് ഇപ്പോൾ ആവശ്യമായിട്ടില്ലെന്നായിരുന്നു നിലപാട്.
തിരഞ്ഞെടുപ്പ് കാലത്ത് ശമ്പള വർധനവിൽ ഏർപ്പെടുന്നത് പ്രതിപക്ഷത്തോട് യോജിക്കുന്നതായി തോന്നാമെന്നും, അതുവഴി ജനങ്ങളിൽ പ്രതികൂലധാരണ ഉണ്ടാകാനിടയുണ്ടെന്നും മുഖ്യമന്ത്രിയുടെ വിലയിരുത്തലാണ്. ശമ്പള വർധന ബിൽ അവതരിപ്പിക്കുകയാണെങ്കിൽ പിന്തുണയ്ക്കാമെന്ന് പ്രതിപക്ഷം സ്പീക്കറെ അറിയിച്ചിരുന്നെങ്കിലും, രാഷ്ട്രീയ വിഷയങ്ങളിൽ ഏറ്റുമുട്ടുമ്പോൾ ശമ്പള വിഷയത്തിൽ കൈകോർക്കുന്നത് പൊതുജനങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാകുമെന്നാണ് സർക്കാരിന്റെ ആശങ്ക.
2018-ലാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അവസാനമായി പരിഷ്കരിച്ചത്. അന്നത്തെ തീരുമാനം പ്രകാരം എംഎൽഎമാരുടെ ശമ്പളം, മണ്ഡലം അലവൻസ്, ടെലിഫോൺ അലവൻസ്, യാത്രാബത്ത എന്നിവ അടക്കം 39,500 രൂപയിൽ നിന്ന് 70,000 രൂപയായി ഉയർത്തി. മന്ത്രിമാരുടെ ശമ്പളവും 55,012 രൂപയിൽ നിന്ന് 97,429 രൂപയായി വർധിപ്പിച്ചിരുന്നു.
Tag: There will be no salary hike for ministers and MLAs during this government’s tenure”; Chief Minister