തേവലക്കര സ്കൂൾ അപകടം: ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി തള്ളി. റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്നും വീഴ്ച വരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പേരുകൾ വ്യക്തമാക്കിയ പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി കെഎസ്ഇബി ചെയർമാനോട് നിർദ്ദേശിച്ചു.
മന്ത്രിയുടെ നിർദേശപ്രകാരം വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. നിലവിലെ റിപ്പോർട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നടപടിക്കായി ശുപാർശകളോ ബന്ധപ്പെട്ട പേരുകളോ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി വിമർശിച്ചു.
റിപ്പോർട്ടിൽ പ്രകാരം, സ്കൂളിൽ നിർമിച്ച സൈക്കിൾ ഷെഡ് വൈദ്യുതി ലൈനിന് അപകടകരമായ സമീപ്യത്തിലാണ്. സുരക്ഷിത അകലം പാലിക്കാത്തത് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീഴ്ചയായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനായി സ്കൂളിന് നോട്ടീസ് നൽകിയിരുന്നെങ്കിലും തുടർന്ന് ആവശ്യമായ നടപടികൾ കൈക്കൊള്ളാത്തതും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഷെഡ് പണിതത് നിലവിലെ അസിസ്റ്റന്റ് എൻജിനീയറുടെ കാലത്തല്ലെന്ന വാദമാണ് റിപ്പോർട്ടിൽ ഉയർത്തിയത്. അപകടത്തിന് രണ്ട് ദിവസം മുമ്പ് ലൈൻ ഉയർത്താൻ പോസ്റ്റ് സ്ഥാപിക്കാനും ഷെഡിന്റെ ഭാഗം പൊളിക്കാനും നിർദ്ദേശമുണ്ടായിരുന്നെങ്കിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചേർന്നശേഷം തീരുമാനമെടുക്കാമെന്നായിരുന്നു സ്കൂൾ മാനേജരുടെ മറുപടി.
ഈ വിശദീകരണമാണ് ചീഫ് സുരക്ഷാ കമ്മീഷണർ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ഉപയോഗിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. റിപ്പോർട്ടിന്റെ അവസാനം തുടർ നടപടികൾ കെഎസ്ഇബി ചെയർമാന്റെ ഉത്തരവാദിത്വമായി വിടുകയും ചെയ്തിരുന്നു. മന്ത്രി വ്യക്തമാക്കിയതുപോലെ, പുതിയ റിപ്പോർട്ടിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് ഉൾപ്പെടുത്തി ശക്തമായ നടപടികൾ സ്വീകരിക്കും.
Tag: Thevalakkara school accident: Minister K. Krishnankutty rejects Chief Safety Commissioner’s report