”സർ ക്രീക്ക് മേഖലയിലെ അതിർത്തിയിൽ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു”; പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രംഗത്ത്. സർ ക്രീക്ക് മേഖലയിലെ അതിർത്തിയിൽ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പാകിസ്താൻ ശ്രമിക്കുന്നുവെന്നും, കറാച്ചിയിലേക്കുള്ള വഴികളിൽ ഒന്നുകൂടി സർ ക്രീക്കിലൂടെ കടന്നുപോകുന്നുണ്ടെന്നത് അവർ മറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“സ്വാതന്ത്ര്യം ലഭിച്ച് 78 വർഷം പിന്നിട്ടിട്ടും സർ ക്രീക്ക് അതിർത്തി തർക്കം പാകിസ്താൻ തുടരുകയാണ്. ഇന്ത്യ പലതവണ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും, അവരുടെ ഉദ്ദേശ്യങ്ങൾ വ്യക്തമല്ല. അടുത്തിടെ പാക് സൈന്യം അതിർത്തി മേഖലയിലുണ്ടാക്കിയ സൗകര്യ വികസനത്തിന് ദുരുദ്ദേശ്യം വ്യക്തമാണെന്ന്” രാജ്നാഥ് സിങ് പറഞ്ഞു.
ഇന്ത്യൻ സൈന്യവും ബിഎസ്എഫും ചേർന്ന് അതിർത്തി കാത്തുസൂക്ഷിക്കുന്നുണ്ടെന്നും, സർ ക്രീക്ക് മേഖലയിൽ പാകിസ്താനിൽ നിന്ന് സാഹസിക നീക്കമുണ്ടായാൽ ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുന്ന മറുപടി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ലാഹോറിലെത്തിയ ശേഷിയെ ഓർമ്മിപ്പിച്ചുകൊണ്ട്, “2025ൽ പാകിസ്താൻ സർ ക്രീക്കിലൂടെ കറാച്ചിയിലേക്കുള്ള വഴി ഉണ്ടെന്നത് മനസ്സിലാക്കണം” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ കച്ചും പാകിസ്താനിലെ സിന്ധ് പ്രവിശ്യയും തമ്മിലുള്ള 96 കിലോമീറ്റർ നീളമുള്ള ചതുപ്പുനിലയാണ് സർ ക്രീക്ക്. ആദ്യം ബാൻ ഗംഗ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ഇന്ത്യ-പാക് അതിർത്തി തർക്കത്തിൽ ഇടപെട്ട ബ്രിട്ടീഷ് പ്രതിനിധിയുടെ പേരിലാണ് സർ ക്രീക്ക് എന്ന പേര് ലഭിച്ചത്. ക്രീക്കിന്റെ മധ്യരേഖയിലൂടെയാണ് അതിർത്തി പോകണമെന്ന് ഇന്ത്യയും, കിഴക്കൻ തീരത്തുകൂടിയാണ് പോകേണ്ടതെന്ന് പാകിസ്താനും നിലപാട് എടുത്തിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചവരെ ഇല്ലാതാക്കാനുള്ള കഴിവ് ഇന്ത്യൻ സൈന്യം തെളിയിച്ചുവെന്നും, ഭീകരവാദമോ മറ്റേതെങ്കിലും വെല്ലുവിളിയോ ആയാലും അതിനെ നേരിടാനും തോൽപ്പിക്കാനും ഇന്ത്യയ്ക്ക് കഴിയും എന്ന സന്ദേശമാണ് ലോകത്തിനു നൽകിയതെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
“ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് പാകിസ്താൻ, ലേ മുതൽ സർ ക്രീക്ക് വരെയുള്ള പ്രതിരോധ സംവിധാനത്തെ തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്ത്യൻ സൈന്യം പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തുറന്നുകാട്ടി, എപ്പോൾ വേണമെങ്കിലും എവിടെയും കനത്ത തിരിച്ചടി നൽകാമെന്ന സന്ദേശം നൽകി. ഞങ്ങളുടെ ലക്ഷ്യം യുദ്ധമല്ല, ഭീകരവാദത്തിനെതിരായ കൃത്യമായ നടപടി മാത്രമാണ്. ഓപ്പറേഷൻ സിന്ദൂരിന്റെ എല്ലാ ലക്ഷ്യങ്ങളും വിജയകരമായി കൈവരിച്ചു, ഭീകരവാദത്തിനെതിരായ പോരാട്ടം തുടരും” എന്നും രാജ്നാഥ് സിങ് പറഞ്ഞു.
Tag: They are creating problems again in the Sir Creek region border”; Defence Minister Rajnath Singh strongly criticizes Pakistan